തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സമ്മാനമായി ഓണവില്ല് സമർപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ഓണവില്ല് സമർപ്പണ ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രിയും ഭരണസമിതി അംഗങ്ങളും ചേർന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾക്കാണ് ഓണവില്ല് കൈമാറിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്മനാഭസ്വാമി ക്ഷേത്രത്തിൽ അയോധ്യയിലേക്ക് സമർപ്പിക്കുന്ന ഓണവില്ല് പ്രദർശിപ്പിച്ചിരുന്നു. അഗ്രശാലയിലെ ഗണപതി ഭഗവാന്റെ ശ്രീകോവിലിന് സമീപം ആയാണ് പ്രത്യേകമണ്ഡപത്തിൽ ശ്രീരാമനുള്ള ഓണവില്ല് ഭക്തർക്ക് ദർശനത്തിനായി വച്ചിരുന്നത്. ശ്രീരാമാവതാരം കൈക്കൊള്ളുന്നതിനുള്ള യോഗനിദ്രയിലാണ് ശ്രീപത്മനാഭൻ എന്നാണ് വിശ്വാസം. അതിനാൽ തന്നെ അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ശ്രീപത്മനാഭനെ സംബന്ധിച്ചും പ്രാധാന്യമുള്ളതാണ്.
ഇന്ന് നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളത്തെ പാവക്കുളം ക്ഷേത്രത്തിലേക്കാണ് ഓണവില്ല് കൊണ്ടുപോവുക. ജനുവരി 21ന് കൊച്ചിയില്‍ നിന്ന് വിമാന മാര്‍ഗം ഓണവില്ല് അയോധ്യയിലെത്തിക്കും. വഞ്ചിയുടെ ആകൃതിയില്‍ കടമ്പ്, മഹാഗണി തുടങ്ങിയ മരത്തടികളിലാണ് ഓണവില്ല് നിർമ്മിക്കാറുള്ളത്. തുടർന്ന് ഈ വില്ലിൽ ദശാവതാരവും ശ്രീരാമ പട്ടാഭിഷേകവും അനന്തശയനവും വരച്ചു ചേര്‍ക്കാറുണ്ട്. തിരുവോണ ദിനത്തിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓണവില്ല് സമർപ്പിക്കാറുള്ളത്.
Discussion about this post