ചെന്നൈ:കായിക മാമാങ്കത്തിന് തുടക്കം കുറിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ന് മുതല്‍ ജനുവരി 31 വരെ നടക്കുന്ന മേളയില്‍ 26 കായിക ഇനങ്ങളിലായി 5,500 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ആറാം പതിപ്പിനാണ് ഇന്ന് തുടക്കമാകുന്നത്.
പ്രധാനമന്ത്രി മോദി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഹെലികോപ്റ്ററില്‍ ഐഎന്‍എസ് അഡയാറിലേക്ക് പോകും. അവിടെനിന്ന് തുറന്ന വാഹനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് എത്തും. പ്രധാനമന്ത്രി മോദിയുടെ വരവിനു മുന്നോടിയായി അതിസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഡ്രോണുകളുടെ ഉപയോഗം നിര്‍ത്തിവെച്ചു. 22,000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍, കബഡി, വോളിബോള്‍, ജൂഡോ, അമ്പെയ്ത്ത്, ബോക്‌സിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, സൈക്ലിംഗ്, നീന്തല്‍, ടെന്നീസ്, ഷൂട്ടിംഗ്, യോഗ, ഗുസ്തി തുടങ്ങി വിവിധ ഇനങ്ങളില്‍ കായികതാരങ്ങള്‍ മത്സരിക്കും. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി തമിഴ്നാടിന്റെ പരമ്പരാഗത കായിക ഇനമായ സിലംബം ഒരു ഡെമോ സ്പോര്‍ട്സ് ആയി അവതരിപ്പിക്കുകയും ചെയ്യും. കൂടാതെ ഉദ്ഘാടന ചടങ്ങില്‍, ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും, തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും .
ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി, മുഖ്യമന്ത്രി സ്റ്റാലിന്‍, കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക്, തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post