ലഖ്നൗ : ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാരനെ മർദ്ദിച്ച ടിടിഇയ്ക്ക് സസ്പെൻഷൻ. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കേന്ദ്ര റെയിൽ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ടി ടി എ സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു. ബറൗണി-ലഖ്നൗ എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് യാത്രക്കാരന് നേരെ ടിടിഇയുടെ മർദ്ദനം ഉണ്ടായത്.
നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ ലഖ്‌നൗ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറായ പ്രകാശിനെ ആണ് സസ്പെൻഡ് ചെയ്തതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ഉത്തർപ്രദേശിലെ ഗോണ്ടക്കും ബരാബങ്കിക്കും ഇടയിലായിരുന്നു സംഭവം നടന്നത്. മർദ്ദനത്തിനിടയായി യുവാവ് സംഭവത്തിൽ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ ടിടിഇ യാത്രക്കാരനെ തല്ലുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ട് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
സ്ലീപ്പർ ക്ലാസ് യാത്രക്കാരനായ നിരജ് കുമാർ യാദവ് ആണ് മർദ്ദനത്തിന് ഇരയായതെന്ന് റെയിൽവേ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ സംഭവത്തിൽ യുവാവ് പരാതി നൽകാത്തതിനാൽ എന്താണ് മർദ്ദന കാരണം എന്ന് വ്യക്തമല്ല. റെയിൽവേ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരം പ്രവൃത്തികൾ ഉണ്ടാകുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ ആവില്ല എന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
Discussion about this post