വാഷിങ്ടണ്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച സാഹചര്യത്തില്‍ ഉത്തരകൊറിയക്കെതിരെ യു.എസിന്റെ നേതൃത്വത്തില്‍ സംയുക്തമായ നീക്കമുണ്ടായേക്കും. യു.എസിന് പുറമെ ദക്ഷിണകൊറിയ, ജപ്പാന് എന്നിവരായിരിക്കും സംയുക്ത നീക്കത്തില്‍ സഖ്യം ചേരുക.
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ജ്യൂന്‍ ഹേ, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ സംസാരിച്ചു എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഉത്തരകൊറിയയുടെ എടുത്തുചാട്ടത്തിന് ശക്തമായ മറുപടി നല്കാന് മൂന്നു രാജ്യങ്ങളും ധാരണയില്‍ എത്തിയതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.
യു.എസുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് അറിയിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഉത്തരകൊറിയയുടേത് പ്രകോപനപരമായ നീക്കമാണെന്ന് ഷിന്‍സോ ആബെ പ്രതികരിച്ചു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. യു.എന്‍ രക്ഷാകൗണ്‍സിലിന്റെ സഹകരണത്തോടെ ഇത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്തിയെന്ന് ഉത്തരകൊറിയ അറിയിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ലോകരാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. യു.എന്‍ അടിയന്തിരമായി യോഗം ചേര്‍ന്ന് സംഭവത്തെ അപലപിച്ചു.
Discussion about this post