തിരുവനന്തപുരം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപായി തന്നെ ചുവരെഴുത്ത് നടത്തിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൃശ്ശൂരിൽ ടി എൻ പ്രതാപന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നിരവധിതവണയായി ചുവരുത്തുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വി ഡി സതീശന്റെ ഈ പ്രസ്താവന. തൃശ്ശൂർ മണ്ഡലത്തിൽ ടി എൻ പ്രതാപനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ വന്ന ചുവരെഴുത്തുകൾ വിവാദമായതോടെ മായ്ച്ചു കളഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും കോൺഗ്രസ് ഓഫീസിൽ അടക്കം ചുവരെഴുത്തുകൾ നടത്തിയിരുന്നു.
കേന്ദ്രസർക്കാരിനെതിരായ സംസ്ഥാന സർക്കാരിന്റെ സമരം കെടുകാര്യസ്ഥത മറക്കാനുള്ള ശ്രമമാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഇവിടത്തെ സംസ്ഥാന സർക്കാർ തന്നെ ഉണ്ടാക്കിയതാണ്. കേന്ദ്രത്തിൽ നിന്നും പണം കിട്ടാനുണ്ടെങ്കിൽ അത് സംബന്ധിച്ച് ധവളപത്രം ഇറക്കണം. രേഖകൾ നൽകിയ ശേഷവും പണം കിട്ടുന്നില്ല എന്നാണെങ്കിൽ സമരത്തെ പിന്തുണയ്ക്കുമെന്നും വി ഡി സതീശൻ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും നികുതി പിരിവിലെ ദയനീയ പരാജയവും ആണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങൾ. സംസ്ഥാനത്തെ കെഎസ്ആർടിസിയും കെഎസ്ഇബിയും സപ്ലൈകോയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും തകർന്നു തരിപ്പണം ആയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും ആണ് ഇതിന് കാരണം. ഒടുവിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ ഡൽഹിയിൽ പോയി സമരം ചെയ്താൽ ഇതെല്ലാം മറച്ചുവെക്കാം എന്നാണ് വിചാരിക്കുന്നത്. അതിന് പിന്നാലെ പോകാൻ വേറെ ആളെ നോക്കണം എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു.
Discussion about this post