ദമസ്കസ് : സിറിയയിൽ ഇറാനിയൻ നേതാക്കളുടെ യോഗം നടന്നിരുന്ന കെട്ടിടത്തിനു നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ സിറിയയിലെ സേനയുടെ ഇൻഫർമേഷൻ യൂണിറ്റ് തലവൻ ഉൾപ്പെടെ ഇറാന്റെ റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടു.
ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി സിറിയൻ സൈനികോദ്യോഗസ്ഥരും നാല് ഇറാനിയൻ സൈനിക ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടതായി ഐആർജിസി വ്യക്തമാക്കി. ഇസ്രായേലിന്റെ “ഭീകരാക്രമണം” എന്നാണ് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇറാനിയൻ റവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഹുജ്തൊള്ള ഒമിദാർ, അലി അഗസാദെ, ഹുസൈൻ മുഹമ്മദി, സയീദ് കരീമി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഐആർജിസി വെളിപ്പെടുത്തി.
പടിഞ്ഞാറൻ ദമാസ്കസിൽ നിരവധി നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനമായ മസ്സെയുടെ പരിസരത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്ത്തിലാണ് സ്ഫോടനം നടന്നതെന്ന് സിറിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. സിറിയയിലെ വെനസ്വേലയുടെയും ദക്ഷിണാഫ്രിക്കയുടെയും എംബസികൾക്ക് സമീപമായിരുന്നു ഈ കെട്ടിടം ഉണ്ടായിരുന്നത്. വ്യോമാക്രമണത്തിൽ ഇറാനിയൻ ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്ന ഈ കെട്ടിടം മാത്രമാണ് തകർക്കപ്പെട്ടിട്ടുള്ളത്. തുടർച്ചയായി അഞ്ച് സ്ഫോടനങ്ങൾ ആണ് ഉണ്ടായത് എന്ന് സമീപവാസികൾ അറിയിച്ചു.
Discussion about this post