ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ച് നടൻ രജനികാന്ത്. സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം തന്നെയാണ് യാത്രാ വിവരം ആരാധകരുമായി പങ്കുവച്ചത്. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെയായിരുന്നു അദ്ദേഹം അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെ ഉറപ്പായും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു.
രജനികാന്തിന് പുറമേ കങ്കണ റണാവത്, അനുപം ഖേർ, വിവേക് ഒബ്രോയ് എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ അയോദ്ധ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെന്ന ചരിത്ര മുഹൂർത്തതിനായി ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അയോദ്ധ്യയിൽ ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. രാഷ്ട്രീയം ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർക്ക് ചടങ്ങിൽ ക്ഷണമുണ്ട്. ഏകദേശം 10,000 ഓളം പേർ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും എന്നാണ് വിവരം.








