പറ്റ്‌ന: ബിഹാറിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി സംഘടിപ്പിച്ച രാമശോഭയാത്രയിൽ പങ്കെടുത്ത് ഇസ്ലാമിക വിശ്വാസികൾ. നൂറ് കണക്കിന് ഇസ്ലാമിക വിശ്വാസികളാണ് രാമഭക്തർക്കൊപ്പം ശോഭയാത്രയിൽ അണിനിരന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭോപ്പാലിൽ ഇന്നലെ ആയിരുന്നു ശോഭയാത്ര സംഘടിപ്പിച്ചത്. നരേല നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു യാത്രയുടെ ആരംഭം. ശ്രീരാമ ഭഗവാന്റെ ചിത്രങ്ങളും വിഗ്രഹങ്ങളും കയ്യിലേന്തിയായിരുന്നു ശോഭയാത്ര. രാമമന്ത്രങ്ങളും ഉരുവിട്ടിരുന്നു. മുസ്ലീം സഹോദരങ്ങളും രാമമന്ത്രങ്ങൾ ഉരുവിട്ടായിരുന്നു യാത്രയിൽ ഒപ്പം ചേർന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ശോഭയാത്രയിൽ പങ്കെടുത്തിരുന്നു.
ശോഭയാത്ര കാണാൻ വഴിയരികിൽ നിരവധി പേരാണ് തടിച്ച് കൂടിയത്. ഇവർക്ക് ഇസ്ലാമിക വിശ്വാസികൾ മധുരം വിതരണം ചെയ്തു. ശോഭയാത്രയിലെ ഇസ്ലാമിക വിശ്വാസികളുടെ പങ്കാളിത്തം കണ്ടുനിന്നവർക്കും അത്ഭുതമായി. 500 ഓളം പേരായിരുന്നു യാത്രയിൽ പങ്കെടുത്തിരുന്നത്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി മദ്ധ്യപ്രദേശിലും വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്. പ്രാണപ്രതിഷ്ഠ ആഘോഷമാക്കാൻ വിവിധ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഹിന്ദു സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിലും ആഘോഷപരിപാടികൾ നടക്കുന്നുണ്ട്.
Discussion about this post