നൂറ്റാണ്ടുകളായി ഭാരതീയ ജനത കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയിരിക്കുകയാണ്. പ്രമുഖ ആചാര്യന്മാരുടെ കാർമികത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
എല്ലാം മനോഹരമായി പൂർത്തിയാകുമ്പോൾ ഈ സന്തുഷ്ട നിമിഷത്തിന്റെ ഭാഗമായ ഓരോരുത്തരും ശരിക്കും വികാരഭരിതരാണ്. രാം ലല്ല വിഗ്രഹത്തിനായി ഓരോ കാര്യങ്ങളും അത്രയേറെ സൂക്ഷ്മമായാണ് ഒരുക്കപ്പെട്ടിട്ടുള്ളത്. രാം ലല്ലക്ക് വസ്ത്രങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ ആയ മനീഷ് ത്രിപാഠി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ഡിസൈൻ ചെയ്തു കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് മനീഷ് ത്രിപാഠി. രാം ലല്ലക്കായി വസ്ത്രങ്ങൾ തയ്യാറാക്കാൻ കഴിഞ്ഞത് പൂർവ്വജന്മ പുണ്യമായാണ് മനീഷ് കരുതുന്നത്. അത്തരം ഒരു വലിയ അവസരം തനിക്ക് നൽകിയതിൽ അദ്ദേഹം എല്ലാവരോടും നന്ദി അറിയിച്ചു. ഉത്തർപ്രദേശ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡുമായി സഹകരിച്ച് രാംലല്ലയുടെ പേരിൽ ഒരു കൈത്തറി വസ്ത്ര നിർമ്മാണ പദ്ധതിയ്ക്കും മനീഷ് ത്രിപാഠി നേതൃത്വം നൽകുന്നുണ്ട്. രാമന്റെ പേരുള്ള ഈ മംഗളകരമായ പ്രവർത്തനം നിരവധി പേർക്ക് തൊഴിൽ അവസരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ആൻഡ് ടെക്നോളജിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മനീഷ് ത്രിപാഠി നിലവിൽ ഐപിഎൽ ഗവേണിംഗ് കൗൺസിലിന്റെ ഔദ്യോഗിക ഡിസൈനറും ബിസിസിഐയുടെ ഡിസൈൻ പങ്കാളിയുമാണ്. രാം ലല്ല വിഗ്രഹത്തിന് ഖാദി വസ്ത്രങ്ങൾ ആണ് തയ്യാറാക്കിയത് എന്ന് മനീഷ് അറിയിച്ചു. ഭഗവാൻ ശ്രീരാമൻ തന്നെ ഖാദി ധരിക്കുമ്പോൾ നമ്മുടെ ജനങ്ങൾക്കും ഖാദി ധരിക്കാൻ പ്രചോദനമാകുകയും അതുവഴി വലിയൊരു വിഭാഗം ജനങ്ങൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും എന്നാണ് മനീഷ് ത്രിപാഠി വ്യക്തമാക്കുന്നത്.










Discussion about this post