ന്യൂഡൽഹി :
2025 ലെ വഖഫ് (ഭേദഗതി) നിയമം പ്രകാരം വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ആറ് മാസത്തെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു. അപേക്ഷകർക്ക് കട്ട് ഓഫ് തീയതിക്ക് മുമ്പ് ആവശ്യമെങ്കിൽ വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് കോടതി അറിയിച്ചു.
വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ആറ് മാസത്തെ സമയപരിധി ഡിസംബർ 6 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഈ നടപടി. രേഖകളുടെ ഡിജിറ്റലൈസേഷനിലെ ഏതെങ്കിലും സാങ്കേതിക തകരാറുകൾ വഖഫ് ട്രൈബ്യൂണലിന് സമയപരിധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനിക്കുമ്പോൾ പരിഗണിക്കാമെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
“വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ അപേക്ഷകർക്ക് പരിഹാരം ലഭ്യമായതിനാൽ, ഡിസംബർ 6 നകം അവർക്ക് അത് തേടാവുന്നതാണ്, സ്വത്ത് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി അതാണെന്ന് ഞങ്ങൾക്ക് അറിയാം. ട്രിബ്യൂണലിനെ സമീപിക്കുക, കേസ്-ടു-കേസ് അടിസ്ഥാനത്തിൽ അവർ തീരുമാനിക്കട്ടെ. നമുക്ക് വഖഫ് നിയമം മാറ്റിയെഴുതാൻ കഴിയില്ല. നിയമം ഇതിനകം തന്നെ ഒരു പരിഹാരം നൽകുന്നു, അത് പ്രയോജനപ്പെടുത്തുക,” എന്ന് സുപ്രീംകോടതി ഹർജിക്കാരെ അറിയിച്ചു.











Discussion about this post