രാജ്യത്തിന്റെ അതിവേഗ വളർച്ചയ്ക്ക് ഊർജമാകുന്നതായിരിക്കണം പാർലമെന്റ് സമ്മേളനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാർ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം ഇപ്പോഴും ചില പാർട്ടികൾക്ക് ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാർലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാർലമെന്റിലെ പ്രകടനത്തിനുള്ള നുറുങ്ങുവിദ്യകൾ പ്രതിപക്ഷത്തിന് പറഞ്ഞുകൊടുക്കാൻ താൻ തയ്യാറാണ്. ശീതകാലസമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രവർത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തരുതെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷത്തിന് ചില പൊടിക്കൈകൾ നൽകാൻ താൻ തയാറാണെന്നും എന്നാൽ ശൈത്യകാല സമ്മേളനം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തില്ലെന്ന് അവർ ഉറപ്പു നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ് വ്യക്തമാക്കിയത്.തോൽവിയുടെ അസ്വസ്ഥതയിൽ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും നരേന്ദ്രമോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു
പാർട്ടിഭേദമന്യേ യുവ എംപിമാർക്ക് പാർലമെന്റിൽ വിഷയങ്ങൾ ഉന്നയിക്കാനുള്ള അവസരം നൽകണമെന്നും മോദി പറഞ്ഞു. നാടകം കളിക്കാൻ ധാരാളം സ്ഥലങ്ങളുണ്ട്. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം. എന്നാൽ, ഇവിടെ നാടകം വേണ്ട. ഇവിടെ വേണ്ടത് കാര്യമാണ്, നരേന്ദ്രമോദി കൂട്ടിച്ചേർത്തു.












Discussion about this post