സന്ദീപ് ദാസ്
നാന്ദ്രേ ബർഗർ തൻ്റെ ആദ്യ ഓവർ എറിയുകയാണ്. ടെലിവിഷൻ സ്ക്രീനിൽ അയാളുടെ ഡെലിവെറികളുടെ വേഗത ദൃശ്യമായി. കമൻ്ററി ബോക്സിൽ ഇരുന്ന് ഹർഷ ഭോഗ്ലെ ആ അക്കങ്ങൾ വായിച്ചു- 141 KPH,145 KPH,144 KPH…! ബർഗറിൻ്റെ പന്തുകൾ കുതിച്ചുപായുകയായിരുന്നു. ഭോഗ്ലെയുടെ തൊട്ടരികിലിരുന്ന് സുനിൽ ഗാവസ്കർ ഓർമ്മിപ്പിച്ചു- ”ബർഗർ ബോളിങ്ങ് തുടങ്ങിയിട്ടേയുള്ളൂ. ഒരു പേസർക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിവരും. വൈകാതെ ബർഗർ തൻ്റെ താളം കണ്ടെടുക്കും. അപ്പോൾ അയാളുടെ സ്പീഡ് വീണ്ടും വർദ്ധിക്കും.
ഗാവസ്കറുടെ പ്രസ്താവനയ്ക്കുപിന്നാലെ ബർഗർ ആദ്യത്തെ തുള്ളി രക്തം വീഴ്ത്തി! തീപ്പൊരി ഓപ്പണറായ യശസ്വി ജയ്സ്വാൾ കൂടാരത്തിൽ മടങ്ങിയെത്തി. ജയ്സ്വാളിന് പകരം ഇറങ്ങിയ കളിക്കാരന് ആദ്യം നേരിടേണ്ടിവന്നത് ഒരു കിടിലൻ ബോളായിരുന്നു. അയാളുടെ ബാറ്റിൻ്റെ എഡ്ജിൽ തട്ടിയ പന്ത് വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു! ബോളർക്ക് ഒരു മാനസിക വിജയം. അത് ആഘോഷിക്കാനെന്നവണ്ണം ബർഗർ ബാറ്ററുടെ സമീപത്തേയ്ക്ക് ഓടിയടുത്തു! ബർഗറുടെ മുഖത്ത് ജേതാവിൻ്റെ ചിരിയുണ്ടായിരുന്നു.
അധികം വൈകാതെ ബർഗർ വീണ്ടും പന്തെറിഞ്ഞു. മണിക്കൂറിൽ 146 കിലോമീറ്റർ വേഗത! പക്ഷേ പകരം കിട്ടിയത് ഒരു സ്ട്രെയിറ്റ് സിക്സർ ആയിരുന്നു. ബർഗർ വാശിയോടെ വീണ്ടും ഓടിയടുത്തു. ഡെലിവെറിയുടെ വേഗത വർദ്ധിച്ചതേയുള്ളൂ! ബാക്ക് വേഡ് പോയൻ്റിലും ഡീപ് തേഡ്മാനിലും കാവൽക്കാരുണ്ടായിരുന്നു. പക്ഷേ പന്ത് അവർക്കിടയിലൂടെ ബൗണ്ടറി കടന്നു. ബർഗർ സ്വയം തിരിച്ചറിയുകയായിരുന്നു-തൻ്റെ പക്കൽ എക്സ്പ്രസ് പേസ് എന്ന വജ്രായുധമുണ്ടാകാം. പക്ഷേ വിരാട് കോഹ്ലി തന്നെയാണ് ബോസ്.”
മഹേന്ദ്രസിംഗ് ധോനിയുടെ മണ്ണാണ് റാഞ്ചി. സിംഹത്തിൻ്റെ മടയിൽ വെച്ച് ചക്രവർത്തിയുടെ തേരോട്ടം! ഒറ്റവാചകത്തിൽ പറഞ്ഞാൽ അതായിരുന്നു വിരാടിൻ്റെ ഇന്നിംഗ്സ്. വായുവിൽ ഉയർന്നുചാടിയിട്ടാണ് വിരാട് സെഞ്ച്വറി ആഘോഷിച്ചത്. ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ ഇഷ്ടപ്പെടാത്ത ആ പഴയ വിരാടിൻ്റെ മാനറിസങ്ങളാണ് നാം റാഞ്ചിയിൽ കണ്ടത്. വിരാട് ഒരു സൂചന തന്നിട്ടുണ്ട്. 2027-ലെ ഏകദിന ലോകകപ്പിൻ്റെ അങ്കത്തട്ടും താൻ കീഴടക്കും എന്ന വലിയ സൂചന. വിരാടിൻ്റെ മുഖമുദ്ര റിസ്ക്-ഫ്രീ ക്രിക്കറ്റായിരുന്നു. അങ്ങനെയുള്ള വിരാട് കോർബിൻ ബോഷിനെ സിക്സർ അടിച്ചുകൊണ്ടാണ് ഫിഫ്റ്റി കടന്നത്. ആ നേട്ടം സെലിബ്രേറ്റ് ചെയ്യുന്നതിനുവേണ്ടി ഒരു അപ്പർ കട്ട് കൂടി തൊടുത്തുവിട്ടു! വിരാട് രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്ന കാര്യം വ്യക്തം.
മുപ്പത്തിയേഴാം വയസ്സിലും വിരാട് കാത്തുസൂക്ഷിക്കുന്ന ശാരീരിക ക്ഷമതയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്! വാഷിങ്ങ്ടൺ സുന്ദർ എന്ന ചെറുപ്പക്കാരൻ പോലും വിരാടിനൊപ്പം ഓടിയെത്താൻ പാടുപെടുകയായിരുന്നു. ഇന്ത്യയെ ബൗൺസറുകൾ കൊണ്ട് വിറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ശ്രമിച്ചത്. പ്രോട്ടിയാസ് പേസർമാരുടെ ഷോർട്ട്ബോളുകൾ ഒന്നിലധികം തവണ കീപ്പറുടെ തലയ്ക്കുമുകളിലൂടെ പറന്നിരുന്നു. ഋതുരാജ് ഗെയ്ക്വാദ് ബാറ്റിങ്ങിനിറങ്ങിയപ്പോൾ ബർഗർ ഒരു ബൗൺസറിലൂടെയാണ് എതിരേറ്റത്. ആ ഓവറിൽ ഒരു ഷോർട്ട്ബോൾ മതി എന്ന് അമ്പയർ അടുത്ത സെക്കൻ്റിൽ തന്നെ താക്കീത് നൽകി. പക്ഷേ ബർഗർ വീണ്ടും ബൗൺസർ എറിഞ്ഞ് വൈഡ് വഴങ്ങി.
എക്സ്ട്രാ റൺ വിട്ടുകൊടുക്കുന്നതിൽ പ്രോട്ടിയാസിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നു. ബൗൺസറുകൾ എറിഞ്ഞ് ഇന്ത്യയെ മെരുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. പക്ഷേ നീലപ്പട അതുകണ്ട് തരിച്ചുനിന്നില്ല. ഇന്ത്യൻ കപ്പലിൻ്റെ അമരത്ത് ഒന്നിനെയും കൂസാത്ത വിരാട് കോഹ്ലിയുണ്ടായിരുന്നു. ടെസ്റ്റ് സീരിസിൻ്റെ സമയത്ത് ദക്ഷിണാഫ്രിക്കയുടെ പരിശീലകൻ ഇന്ത്യയെക്കുറിച്ച് പറഞ്ഞ ഒരു വാചകം വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ”We want them to really grovel” എന്നായിരുന്നു അയാൾ പറഞ്ഞത്. പ്രോട്ടിയാസിൻ്റെ കോച്ച് ഇനി അത്തരം വരികൾ ഉച്ചരിക്കുമെന്ന് തോന്നുന്നില്ല! ഒരടി കിട്ടിയാൽ അത് പത്തായി തിരിച്ചുകൊടുക്കുന്ന ശീലമുള്ള വിരാട് ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
സുബ്ബരായൻ എന്ന ഓഫ്സ്പിന്നറുടെ കാര്യം നോക്കുക. ഒമ്പത് ഓവറുകൾ അയാൾ മോശമല്ലാതെ പൂർത്തിയാക്കിയതാണ്. പക്ഷേ അവസാനം വിരാടിൻ്റെ മുമ്പിൽ ചെന്നുപെട്ടു. സ്പിന്നറായ സുബ്ബരായൻ 101.7 കിലോമീറ്റർ വേഗതയുള്ള ഒരു പന്ത് പായിച്ചു! വിരാട് അതിനെ ഫൈൻലെഗ് ഫെൻസിലേയ്ക്ക് പറഞ്ഞയച്ചു. അപ്പോൾ ബോളർ പന്തിൻ്റെ വേഗത നല്ലതുപോലെ കുറച്ചു. എന്നാൽ ക്രീസിൽനിന്ന് ചാടിയിറങ്ങിയ വിരാട് മിഡ്-വിക്കറ്റിനുമുകളിലൂടെ സിക്സർ നേടി. ഭയന്നുപോയ സുബ്ബരായൻ്റെ വലതുകൈയ്യിൽനിന്ന് ഒരു ഫുൾടോസ് ജന്മംകൊണ്ടു! അത് ലോങ്ങ്-ഓണിനുമുകളിലൂടെ അപ്രത്യക്ഷമായി!! അങ്ങനെ സുബ്ബരായൻ്റെ ബോളിങ്ങ് ഫിഗറുകൾ അലങ്കോലമായി! സുബ്ബരായൻ എന്തുചെയ്താലും രക്ഷയില്ലാത്ത അവസ്ഥ.
ഡെയിൽ സ്റ്റെയിൻ എന്ന ഇതിഹാസ താരം പറഞ്ഞിരുന്നു ”ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ഗെയിമുകളിൽ നന്നായി തിളങ്ങാറുള്ള ബോളറാണ് സുബ്ബരായൻ. അയാളുടെ മാതാപിതാക്കൾ റാഞ്ചിയിൽ വിമാനമിറങ്ങിയിട്ടുണ്ട്. സ്വന്തം മകൻ്റെ കളി കണ്ട് അവർ അഭിമാനിക്കുന്നുണ്ടാവും. സുബ്ബരായൻ്റെ അച്ഛനമ്മമാരോട് സംസാരിച്ചാൽ അവർ പറയും ”എൻ്റെ മകൻ നന്നായിത്തന്നെയാണ് പന്തെറിഞ്ഞത്. വിരാടിനോട് മത്സരിക്കേണ്ടിവന്നു എന്നത് മാത്രമായിരുന്നു അവൻ്റെ പോരായ്മ. ”













Discussion about this post