കൊളംബോ : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു. കുറഞ്ഞത് 334 പേർ മരിക്കുകയും 400ഓളം പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തതായി ശ്രീലങ്കൻ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ കെലാനി നദിയിലെ നീരൊഴുക്ക് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാൽ കൊളംബോ ജില്ലാ സെക്രട്ടറി പ്രസന്ന ഗിനിഗെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയും വൈദ്യുതിയും വെള്ളവും ലഭിക്കാതെ ജനങ്ങൾ ദുരിതത്തിൽ ആയിരിക്കുകയുമാണ്.
കാൻഡിയാണ് ദിത്വാ ചുഴലിക്കാറ്റിൽ ഏറ്റവും കൂടുതൽ ദുരിതബാധിത ജില്ല. ഇവിടെ 88 മരണങ്ങളും 150 പേരെ കാണാതായ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ബദുള്ള ജില്ലയിൽ 71 മരണങ്ങളും നുവാര ഏലിയയിൽ 68 മരണങ്ങളും മാതാലെയിൽ 23 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ആകെ മൂന്ന് ലക്ഷത്തോളം കുടുംബങ്ങളെ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ ബാധിച്ചിട്ടുണ്ട്.
ഏകദേശം 20,000 വീടുകൾ തകർന്നതായും 108,000 ആളുകളെ സർക്കാർ നടത്തുന്ന താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയതായും ദുരന്ത നിവാരണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രകൃതി ദുരന്തമാണിതെന്നും, നാശം വളരെ ഗുരുതരമായിരുന്നതെന്നും പ്രസിഡന്റ് അനുര കുമാര ദിസനായകേ പറഞ്ഞു. സർക്കാർ അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിക്കുകയും വിദേശത്തുള്ള ശ്രീലങ്കക്കാരോട് ദുരിതബാധിത സമൂഹങ്ങളെ സഹായിക്കാൻ പണം സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.









Discussion about this post