മഞ്ഞുകാലത്ത് ചില ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണുകളിലെ ചൊറിച്ചിലും ഇടയ്ക്കിടെ കണ്ണുകളിൽ നിന്നും വെള്ളം വരുന്നതും. പലപ്പോഴും അലർജി പ്രശ്നങ്ങൾ മൂലം ആയിരിക്കാം ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്. കണ്ണുകളിലെ അലർജി പ്രധാനമായും പൊടി, പുക, പൂമ്പൊടി, വളർത്തു മൃഗങ്ങളുടെ രോമങ്ങൾ എന്നിവയിൽ നിന്നുമാണ് ഉണ്ടാകുന്നത്. കൃത്യമായ ശ്രദ്ധ നൽകിയാൽ ഈ ലക്ഷണങ്ങൾ ഒഴിവാക്കാവുന്നതാണ്.
ചില ലോഷനുകൾ, മേക്കപ്പ് അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസ് സൊല്യൂഷനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളും കണ്ണിലെ അലർജിക്ക് കാരണമാകാറുണ്ട്. ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന സമയത്ത് കണ്ണിൽ ചൊറിച്ചിലോ പ്രശ്നങ്ങളോ തോന്നുന്നുണ്ടെങ്കിൽ ഇവയുടെ ഉപയോഗം നിർത്തിയാൽ പ്രശ്നം ഒഴിവാക്കാവുന്നതാണ്. ഒരു വിദഗ്ധ ഡോക്ടറെ കണ്ടാൽ നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്ന പ്രശ്നം എന്താണെന്ന് കൃത്യമായി തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകൾ നടത്തുന്നതാണ്.
കണ്ണുകളിൽ ചൊറിച്ചിൽ ഉണ്ടാകുന്ന സമയത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കണ്ണുകൾ തിരുമ്മുക എന്നുള്ളത്. കണ്ണുകളിൽ തുടർച്ചയായി ഉരസുന്നത് മുകളിലെ കോർണിയ പാളിയിൽ (എപിത്തീലിയം) ഒരു വിള്ളലിന് കാരണമാകും. ഇത് വേദനയ്ക്ക് കാരണമാവുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകൾ പതിവായി ഉപയോഗിക്കുന്നത് കണ്ണുകളിലെ അലർജിക്ക് ആശ്വാസം നൽകുന്നതാണ്.
Discussion about this post