പാക് അധീന കാശ്മീരിൽ ഉള്ള ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള വിശുദ്ധ ജലം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് അയച്ചു നൽകി മാതൃകയാവുകയാണ് പാകിസ്താൻ സ്വദേശിയായ തൻവീർ അഹമ്മദ് എന്ന മുസ്ലിം യുവാവ്. പുൽവാമ ഭീകരാക്രമണത്തിന്റെ പ്രത്യാക്രമണമായി നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള തപാൽ സേവനങ്ങൾ നിർത്തിവച്ചതിനാൽ ബ്രിട്ടൻ വഴിയാണ് തൻവീർ അഹമ്മദ് ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള വിശുദ്ധ ജലം അയോധ്യയിലേക്ക് അയച്ചു നൽകിയത്.
കശ്മീരിലെ ശാരദപീഠത്തിന്റെ സ്ഥാപകൻ രവീന്ദർ പണ്ഡിതയുടെ അഭ്യർത്ഥനയെ തുടർന്നാണ് തൻവീർ അഹമ്മദ് ശാരദാപീഠ് കുണ്ഡിൽ നിന്നുള്ള ജലം ശേഖരിച്ച് അയച്ചു നൽകിയത്. പാക് അധീന കാശ്മീരിലെ ശാരദപീഠത്തിന്റെ പ്രതിനിധികളോടൊപ്പം ഇസ്ലാമാബാദ് വഴി അദ്ദേഹം ഈ ജലം യുകെയിലുള്ള അദ്ദേഹത്തിന്റെ മകൾക്കാണ് അയച്ചു നൽകിയത്. തുടർന്ന് തൻവീർ അഹമ്മദിന്റെ മകൾ യുകെയിലെത്തിയ കശ്മീരി പണ്ഡിറ്റ് ആക്ടിവിസ്റ്റ് ആയ സൊണാൽ ഷെറിന് ഈ വിശുദ്ധ ജലം കൈമാറുകയായിരുന്നു.
ശാരദ പീഠത്തിലെ അംഗമായ മഞ്ജുനാഥ് ശർമയാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്ക് ഈ വിശുദ്ധ ജലം കൈമാറിയത്. പാക് അധീന കാശ്മീരിൽ സ്ഥിതിചെയ്യുന്ന ശാരദ സർവ്വജ്ഞപീഠത്തിന് ഇപ്പോൾ ഇന്ത്യയുമായുള്ള ബന്ധങ്ങൾ ഏറെക്കുറെ അപ്രാപ്യമായ അവസ്ഥയിലാണുള്ളത്.
Discussion about this post