ലക്നൗ:അയോദ്ധ്യയിലെ ശ്രീ രാംലല്ലയെ ഒരു നോക്ക് കാണാനും പ്രാർഥിക്കാനും രാമക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മുൻപിൽ ദർശനത്തിനായി എത്തിയിട്ടുള്ളത്. ശൃംഗാർ ആരതിയ്ക്ക് ശേഷം രാവിലെ ഏഴ് മണിയോടെ ക്ഷേത്ര നട തുറന്നു.
ആദ്യ ദിന സന്ദർശനത്തിന് പുലർച്ചെ 3 മണിയോടെ തന്നെ രാമഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരും പ്രദേശവാസികളുമാണ് ഇക്കൂട്ടത്തിൽ ഉള്ളത്. പ്രാണപ്രതിഷ്ഠയായ ഇന്നലെ തന്നെ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്ഷേത്രത്തിൽ എത്തിയിരുന്നു. എന്നാൽ ദർശനത്തിന് അനുവാദം ഇല്ലാത്തതിനാൽ ഇവർ അയോദ്ധ്യയിൽ തങ്ങുകയായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും രാംലല്ലയെ കാണാൻ അയോദ്ധ്യയിൽ എത്തിയിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 11.30 വരെയാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം ഉള്ളത്. ഇതിന് ശേഷം അടയ്ക്കുന്ന നട ഉച്ചയ്ക്ക് രണ്ട് മണിയോടെ വീണ്ടും തുറക്കും. വൈകീട്ട് ഏഴരവരെ ദർശനം നടത്താം. സന്ധ്യാ ആരതിയോടെയാകും ക്ഷേത്ര നട അടയ്ക്കുക.
ഭക്തർക്ക് ആരതി ദർശിക്കാൻ ഓൺലൈൻ, ഓഫ്‌ലൈൻ പാസുകൾ ലഭ്യമാണ്.ഓൺലൈൻ പാസിനായി ബന്ധപ്പെട്ട വിവരങ്ങൾ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഭക്തർ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വേണം പാസ് ബുക്ക് ചെയ്യാൻ. ഓൺലൈൻ പാസ് ലഭിച്ചവർ ക്ഷേത്രത്തിലെ കൗണ്ടറിൽ നിന്നും പാസ് വാങ്ങണം.
ഇന്നലെയായിരുന്നു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. 500 വർഷങ്ങൾക്ക് ശേഷം
ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഭക്തജനങ്ങൾ. ശ്രീരാമൻ സിംഹാസനത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ഇന്നലെ രാജ്യത്തുടനീളം വൻ ആഘോഷമാണ് നടന്നത്.
Discussion about this post