ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരോപണവിധേയനായ ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ ആം ആദ്മി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് ലഫ്.ഗവര്‍ണര്‍. അന്വേഷണ കമ്മീഷനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിക്ക്, അത് ഭരിക്കുന്ന ഗവണ്മെന്റിന് കമ്മീഷന് ഓഫ് എന്‍ക്വയറി ആക്റ്റ് പ്രകാരം ഇത്തരത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാനുളള അധികാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ലഫ്.ഗവര്‍ണര്‍ അയച്ച കത്ത്. ഇതോടെ കേന്ദ്രസര്‍ക്കാരും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുളള ഏറ്റുമുട്ടല്‍ വീണ്ടും ശക്തമാകും.
ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്(ഡിഡിസിഎ) അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഡിസംബറിലായിരുന്നു. റിപ്പോര്‍ട്ടില്‍ അരുണ്‍ ജെയ്റ്റ്ലിയെക്കുറിച്ചോ, ജെയ്റ്റ്ലി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അഴിമതികളെക്കുറിച്ചോ പരാമര്‍ശമില്ലായിരുന്നു.
വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗി നേതൃത്വം നല്കിയ മൂന്നംഗ സമിതി നല്കിയ 247 പേജുളള റിപ്പോര്‍ട്ടില്‍ കോട്ല സ്റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്സ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ചാണ് പറയുന്നത്.
Discussion about this post