ശ്രീരാമ ഭക്തരാണെന്ന് പരസ്യമായി വെളിപ്പെടുത്തിയ കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും ഡി കെ ശിവകുമാറിനും എതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ബാബറി മസ്ജിദ് കേവലം ഒരു മുസ്ലിം മതാരാധന കേന്ദ്രം മാത്രമായിരുന്നില്ല എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ശ്രീരാമന്റെ ചിത്രം പങ്കുവെച്ച ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബിജെപി ആശയത്തിനുള്ള പിന്തുണയാണെന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി ആർഎസ്എസ് അനുഭാവം കാണിക്കുകയാണ്. മത രാഷ്ട്രീയ വാദത്തിന് എതിരായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെക്കേണ്ടത്. ഡി കെ ശിവകുമാറും ബിജെപി ആശയത്തെ പിന്തുണയ്ക്കുകയാണ്. ബിജെപി ഭരണത്തെ മതവുമായി കൂട്ടിച്ചേർക്കാൻ നോക്കുകയാണ്. ഈ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടലാണ് കോൺഗ്രസ് നേതാക്കളുടെ പിന്തുണ എന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ആർജ്ജവം ഇപ്പോൾ കോൺഗ്രസിന് ഇല്ലാതെ പോവുകയാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കേരളത്തിൽ ഇപ്പോൾ യുഡിഎഫ് ഭരണമായിരുന്നെങ്കിൽ അവർ ഒരാഴ്ച ലീവ് കൊടുത്തേനെ. കോൺഗ്രസുകാർ സ്ലീപ്പിങ് ഏജന്റുമാരായി മാറുകയാണ് എന്നും മുഹമ്മദ് റിയാസ് രൂക്ഷമായി വിമർശിച്ചു.
Discussion about this post