തിരുവനന്തപുരം: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ സന്തോഷം പ്രകടിപ്പിച്ച നടി രേവതിയ്ക്ക് പിന്തുണയുമായി നിത്യ മേനോൻ. സമൂഹമാദ്ധ്യമത്തിലൂടെയാണ് രേവതിയുടെ പരാമർശത്തിന് നിത്യാമേനോൻ പിന്തുണ അറിയിച്ചത്. രേവതി പറഞ്ഞത് നൂറ് ശതമാനവും ശരിയാണെന്ന് നടി നിത്യാ മേനോൻ പ്രതികരിച്ചു.
രേവതിയുടെ സമൂഹമാദ്ധ്യമ പോസ്റ്റിന് താഴെയാണ് നിത്യാ മോനോൻ അഭിപ്രായം രേഖപ്പെടുത്തിയത്. നടിയുടെ പോസ്റ്റിന് താഴെ വളരെ ശരിയാണ് ( വെരി ട്രൂ) എന്നായിരുന്നു നിത്യ മോനോൻ പറഞ്ഞത്. നിത്യയുടെ മറുപടിയെ പിന്തുണച്ച് നിരവധി ആരാധകരും എത്തി.
രാവിലെയാണ് രേവതി രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിലൂടെ രംഗത്ത് എത്തിയത്. പ്രാണപ്രതിഷ്ഠയോടെ പല നിർണായക മാറ്റങ്ങളും ഉണ്ടായി എന്ന് രേവതി പറഞ്ഞു. കാലങ്ങളായി മതേതര രാജ്യമായ ഇന്ത്യയിൽ ഹിന്ദുക്കൾ സ്വന്തം വിശ്വാസങ്ങൾ പുറത്തു പറയാതെയാണ് ജീവിക്കുന്നത്. എന്നാൽ പ്രാണപ്രതിഷ്ഠ ഇതിൽ മാറ്റം കൊണ്ടുവന്നു. പ്രാണപ്രതിഷ്ഠാ ദിനം ഒരിക്കലും മറക്കാൻ കഴിയില്ല. നമ്മൾ ഇപ്പോഴാണ് ശരിയ്ക്കും വിശ്വാസികൾ ആയത് എന്നും നടി വ്യക്തമാക്കി. ജയ് ശ്രീരാമെന്നും നടി കുറിച്ചിരുന്നു.
എന്നാൽ രേവതിയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് രേവതിയെ പിന്തുണച്ച് നിത്യാ മേനോൻ രംഗത്ത് എത്തിയത്.
Discussion about this post