തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും അടക്കം 1.02 കോടി രൂപ മൂല്യമുള്ള സ്വത്താണ് ഇ ഡി കണ്ടുകെട്ടിയിട്ടുള്ളത്. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഭാസുരാംഗനെതിരെ ഇ ഡി നടപടി സ്വീകരിച്ചിട്ടുള്ളത്.
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇ ഡി ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. എൻ ഭാസുരാംഗനും മക്കളും അടക്കമുള്ള ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 3.22 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നു എന്നാണ് ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് ആയിരുന്ന കാലഘട്ടത്തിൽ ഭാസുരാംഗൻ 2.36 കോടി രൂപ വായ്പ എടുത്തിരുന്നതായി ബാങ്ക് ഭാരവാഹികൾ കോടതിയിൽ അറിയിച്ചിരുന്നു. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ആയിരുന്നു ഈ വായ്പകൾ എടുത്തിരുന്നത്. വിവിധ ഇടപാടുകളിൽ നടന്ന ക്രമക്കേടുകൾ വഴി കണ്ടല സഹകരണ ബാങ്കിന് 57 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
Discussion about this post