ന്യൂഡൽഹി : അന്തരിച്ച ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നൽകും. കർപ്പൂരി താക്കൂറിന്റെ ജന്മവാർഷിക ദിനത്തിന്റെ തലേന്നാണ് രാഷ്ട്രപതിയുടെ ഓഫീസിൽ നിന്നും ഇത്തരം ഒരു വലിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഉത്തരേന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ നേതാവ് എന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള വ്യക്തിത്വമാണ് കർപ്പൂരി താക്കൂർ.
ബീഹാറിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് മുൻ മുഖ്യമന്ത്രി കൂടിയായ കർപ്പൂരി താക്കൂർ. 1977 മുതൽ 1979 വരെ ബീഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുൻഗേരി ലാൽ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കിയതിന്റെ പേരിൽ ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം. മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി)ക്ക് സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത് കർപ്പൂരി താക്കൂർ ആയിരുന്നു.
കർപ്പൂരി താക്കൂറിന് ഭാരതരത്ന പുരസ്കാരം സമർപ്പിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു. സാമൂഹ്യനീതിയുടെ വിളക്കുമാടം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർപ്പൂരി താക്കൂറിനെ വിശേഷിപ്പിച്ചത്.
“സാമൂഹ്യനീതിയുടെ വിളക്കുമാടം, മഹാനായ ജനനായക് കർപ്പൂരി താക്കൂർ ജി, അദ്ദേഹത്തിന്റെ ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഭാരതരത്‌ന പുരസ്കാരം നൽകാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി പോരാടിയ നായകൻ എന്ന നിലയിലും സമത്വത്തിന്റേയും ശാക്തീകരണത്തിന്റേയും അമരക്കാരനെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ പ്രയത്‌നത്തിന്റെ തെളിവാണ് ഈ അഭിമാനകരമായ അംഗീകാരം. അധഃസ്ഥിതരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഘടനയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതൽ നീതിയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൗത്യം തുടരാൻ ഞങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു” എന്നാണ് കർപ്പൂരി താക്കൂറിന് ഭാരതരത്ന പുരസ്കാരം സമർപ്പിച്ച വാർത്ത പങ്കുവെച്ചുകൊണ്ട് നരേന്ദ്രമോദി എക്സിൽ കുറിച്ചത്.
Discussion about this post