തിരുവനന്തപുരം : എസ്ഐക്കെതിരെ ആക്രമണം നടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എന്നിവർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്. കഴക്കൂട്ടം പോലീസ് ആണ് ഇടതുപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തർക്കം തടയാൻ എത്തിയ എസ്ഐയെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു കാര്യവട്ടം ജംഗ്ഷന് സമീപം എസ്ഐക്കെതിരെ സിപിഎം നേതാക്കൾ ആക്രമണം നടത്തിയത്. കാര്യവട്ടം ജംഗ്ഷന് സമീപത്തെ ജ്യൂസ് കടയിൽ നിന്നും ജ്യൂസ് ലഭിക്കാൻ വൈകിയതിന് സിപിഎം നേതാക്കൾ ജീവനക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയും ആയിരുന്നു. സിപിഎം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷാഹിദ് മാങ്കുഴി, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിധിൻ വിജയകുമാർ, മനു കൃഷ്ണൻ, ജോഷി എന്നിവർ അടങ്ങിയ നാലംഗ സംഘം ആണ് ജ്യൂസ് കടയിലെ ജീവനക്കാരനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. ഇത് ചോദ്യം ചെയ്യാനെത്തിയ കട ഉടമയെയും ഇവർ ഭീഷണിപ്പെടുത്തി.
കട ഉടമ വിവരം അറിയിച്ചതിനെ തുടർന്നാണ് കഴക്കൂട്ടം എസ് ഐ ജെ എസ് മിഥുൻ സംഭവ സ്ഥലത്തേക്ക് എത്തുന്നത്. എന്നാൽ വിവരം അന്വേഷിക്കാൻ എത്തിയ എസ്ഐയെയും ഈ സിപിഎം നേതാക്കൾ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു. ‘ഞങ്ങളുടെ കാര്യത്തിൽ ഇടപെടാൻ നീയാരാ’ എന്ന് ചോദിച്ചായിരുന്നു സിപിഎം നേതാക്കൾ എസ്ഐക്കെതിരെ ആക്രമണം നടത്തിയത്. തുടർന്ന് കട ഉടമയുടെയും എസ്ഐയുടെയും പരാതിയിൽ ആണ് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post