മലപ്പുറം: മങ്കടയിൽ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപീമോഹൻ ആണ് കസ്റ്റഡിയിൽ ആയത്. സംഭവത്തിൽ എഎസ്‌ഐയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യപിച്ച് പോലീസ് വാഹനത്തിൽ വരികയായിരുന്ന ഗോപീമോഹൻ മൂന്ന് യുവാക്കൾ സഞ്ചരിച്ച കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇതിന് ശേഷം നിർത്താതെ പോയി. എന്നാൽ യുവാക്കൾ പിന്തുടർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് സംഭവം ചോദ്യം ചെയ്തപ്പോഴാണ് ഗോപീമോഹൻ മദ്യലഹരിയിൽ ആണെന്ന് വ്യക്തമായത്.
മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ആയിരുന്നു ഗോപീമോഹൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
വാഹനം ഇടിച്ചത് ചോദ്യം ചെയ്ത യുവാക്കളോട് ഗോപീമോഹൻ കയർത്തു. ഇതോടെ മങ്കട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി എസ്‌ഐയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിക്കൽ, അപകടം ഉണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.












