ഗുവാഹത്തി (അസം) : കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ഗുവാഹത്തി സിറ്റി പോലീസ്. ഗുവാഹത്തി പോലീസ് കമ്മീഷണറേറ്റിൽ നിന്നും പുറത്തു വിട്ട പത്രകുറിപ്പിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്
പൊതുസേവകരുടെ നിയമപരമായ ഉത്തരവ് അനുസരിക്കാതിരിക്കൽ, അനുമതി വ്യവസ്ഥകളുടെ ലംഘനം, സർക്കാർ ജീവനക്കാരുടെ നിയമപരമായ ചുമതലകൾ നിർവഹിക്കുമ്പോൾ തടസ്സപ്പെടുത്തൽ എന്നിവ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മേഘാലയയിൽ നിന്ന് ഗുവാഹത്തി നഗരത്തിലൂടെ കാംരൂപിലേക്ക് (റൂറൽ) ‘ഭാരത് ജോഡോ ന്യായ് യാത്ര’ നടത്താനായിരുന്നു കോൺഗ്രസ് പദ്ധതിയിട്ടിരുന്നത് . പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഖാനപ്പാറ ബൈപാസ്-കോയിനാധാര മുതൽ ചാരിയാലി-ജലൂക്ബാരി വഴി ദേശീയ പാതയിലൂടെ സറൈഘട്ട് പാലം വരെ വ്യക്തമായ നിബന്ധനകൾക്ക് വിധേയമായി യാത്ര നടത്താൻ അനുമതി നൽകി. നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശിക്കരുതെന്നും , കൂടാതെ യാത്ര അംഗീകൃത റൂട്ടിലൂടെ മാത്രമേ കടന്നുപോകൂ എന്ന കർശന നിബന്ധനകൾക്ക് വിധേയമായിട്ടായിരിന്നു അനുമതി.
രാഹുൽ ഗാന്ധി അഖിലേന്ത്യാ അടിസ്ഥാനത്തിൽ സി ആർ പി എഫിന്റെ സെഡ് പ്ലസ് ക്യാറ്റഗറിയിൽ ഉള്ള വ്യക്തി ആയതിനാൽ അനിഷ്ട സംഭവങ്ങളൊന്നും സംഭവിക്കാതിരിക്കാൻ മതിയായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു.
എന്നാൽ, എൻഎച്ച്-27ലെ ഖാനപ്പാറ ട്രാഫിക് പോയിന്റിന് സമീപം യാത്ര എത്തിയപ്പോൾ, ഭരണസംവിധാനത്തെ അമ്പരപ്പിച്ചുകൊണ്ട്, രാഹുൽ ഗാന്ധി, ജിതേന്ദർ സിംഗ്, കെസി വേണുഗോപാൽ, തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും അംഗീകൃത റൂട്ടിൽ നിന്ന് വ്യതിചലിച്ച് ഗുവാഹത്തി നഗരത്തിലേക്ക് കൊണ്ടു പോവുകയും ചെയ്തു പോലീസ് പറഞ്ഞു.
തൽഫലമായി, ജനക്കൂട്ടം അക്രമാസക്തരാവുകയും ബസിസ്ത പിഎസിലെ എസ്‌ഐ തീർഥ ദേക്ക ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും എട്ട് അസം പോലീസ് ബറ്റാലിയനിലെ എൽഎൻകെ 45 ബാബുൽ ഹജോംഗ് എന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 120(ബി), 143, 147, 188, 283, 353, 332, 333, 427, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 3 എന്നിവ പ്രകാരം ബസിസ്ത പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നഅന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് തങ്ങളുടെ പത്രക്കുറിപ്പിൽ അറിയിച്ചു
Discussion about this post