കൊച്ചി: ആര്‍എസ്എസിനും ബിജെപിക്കുമെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പരത്താന്‍ സിപിഎം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ആര്‍എസ്എസിനേയും ബിജെപിയേയും ഭീകരവത്കരിച്ച് വോട്ട് നേടാനുള്ള നാണംകെട്ട നീക്കങ്ങളാണിതെന്ന് സമൂഹം മനസ്സിലാക്കിക്കഴിഞ്ഞുവെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി
ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം
കഴിഞ്ഞ കുറെ ദിവസങ്ങളായി ആര്‍എസ്എസിനും ബിജെപിക്കുമെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ പരത്താന്‍ സിപിഎം മത്സരിക്കുകയാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ഞാന്‍ ചുമതലയേറ്റ സമയത്ത് പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് വരുത്തി സമൂഹത്തെ വിഷലിപ്തമാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു .
പിണറായി വിജയനും അദ്ദേഹത്തിന്റെ അസത്യപ്രചാരണത്തിന് കുടപിടിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുമെതിരെ നിയമപരമായി മുന്നോട്ടു പോകേണ്ടി വന്നത് അത് കൊണ്ടാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ കോടിയേരി ബാലകൃഷ്ണനും ഇത്തരം അസത്യ പ്രചാരണങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. കര്‍ണാടകയിലെ പ്രശസ്ത എഴുത്തുകാരനായ എം എം കല്‍ബുര്‍ഗിയെ വധിച്ചത് രണ്ട് ആര്‍എസ്എസ് കാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന നിയമസഭയിലെ ഒരു എംഎല്‍എ കൂടിയായ അദ്ദേഹം ഇങ്ങനെയൊരു പച്ചനുണ പറയുന്നത് എന്തിനാണെന്ന് പൊതു സമൂഹത്തോട് വ്യക്തമാക്കേണ്ടതാണ്
കാഞ്ഞങ്ങാട് ഫഹദ് എന്ന പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കി സിപിഎം ഉപയോഗിച്ചു. ആര്‍എസ്എസുമായോ ബിജെപിയുമായോ യാതൊരു ബന്ധവുമില്ലാത്ത കൊലപാതകിയെ ആര്‍എസ്എസ് കാരനായി ചിത്രീകരിച്ച് ആ കുഞ്ഞിന്റെ വെട്ടേറ്റ് വീണ ചിത്രം വച്ച് പോസ്റ്ററിറക്കുന്ന നീചമായ പ്രചാരണ തന്ത്രം പോലും അവര്‍ സ്വീകരിച്ചിരുന്നു .
ഹരിയാനയില്‍ കൊല്ലപ്പെട്ട ദളിത് കുഞ്ഞുങ്ങളുടെ ചിത്രം വച്ചാണ് ഇപ്പോള്‍ പുതിയ പ്രചാരണം. സംഘപരിവാറാണത്രെ ഇതിന് പിന്നില്‍ . എന്തൊരസംബന്ധമാണിത് ? പച്ചക്കള്ളങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കാന്‍ യാതൊരു ഉളുപ്പുമില്ലേ ഇവര്‍ക്കെന്ന് ചിന്തിച്ചു പോകുകയാണ്.
രാഷ്ട്രീയ എതിരാളിക്കെതിരെ ഒരു കള്ളം പലപ്രാവശ്യം പറഞ്ഞ് സത്യമാക്കുന്ന ഗീബല്‍സിയന്‍ തന്ത്രം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും ഭീകരവത്കരിച്ച് വോട്ട് നേടാനുള്ള നാണംകെട്ട നീക്കങ്ങളാണിതെന്ന് സമൂഹം മനസ്സിലാക്കിക്കഴിഞ്ഞു.
സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നേക്കാം . പക്ഷേ ആത്യന്തികമായി വിജയം സത്യത്തിന് തന്നെയായിരിക്കും.
Discussion about this post