എറണാകുളം: കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍. അസമില്‍ നിന്നാണ് കളമശേരി പോലീസ് പ്രതിയെ പിടികൂടിയത്. അപ്പര്‍ അസാം ദിമാജി സ്വദേശി രാത്തുള്‍ സൈക്കിയയുടെ മകന്‍ പുസാന്‍ഡോ എന്ന് വിളിക്കുന്ന മഹേശ്വന്‍ സൈക്കിയാണ് പിടിയിലായത്.
2002ലാണ് കേസിനാസ്പദമായ സംഭവം. കളമശേരി ചേനക്കാല റോഡില്‍ ആണ് പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. ഇതിന് സമീപം താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ അസമിലേക്ക് കടന്നു. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്നുള്ള ഉള്‍ഗ്രാമത്തില്‍ ഉള്‍ഫ ബോഡോ ഭീകരവാദി സംഘവുമായി ബന്ധമുള്ള ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു ഇയാള്‍ ഒളിച്ചു താമസിച്ചിരുന്നത്.
നേരത്തെയും പോലീസ് ഇയാളെ തേടി പ്രദേശത്ത് എത്തിയിരുന്നെങ്കിലും ലോക്കല്‍ പോലീസിന്റെ സഹായം ലഭിക്കാതെ വന്നതോടെ ഇയാളെ പിടിക്കാനാവാതെ മടങ്ങി. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘം ഈ മാസം ഒന്‍പതിന് വീണ്ടും പ്രദേശത്തേക്ക് തിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടിയതിന് ശേഷം ദിമാജി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ നിന്ന് ട്രാന്‍സിറ്റ് വാറണ്ട് വാങ്ങി പോലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കളമശ്ശേരി കളമശ്ശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെകര്‍ പ്രദീപ്കുമാര്‍ ജി, സബ് ഇന്‍ സ്‌പെക്ടര്‍മാരായ വിനോജ് എ, സുബൈര്‍ വി.എ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനു. വിഎസ്, ശ്രീജിത്ത്, സി.പി.ഒമാരായ മാഹിന്‍ അബൂബക്കര്‍, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post