കൊൽക്കത്ത : പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. അപകടത്തെ തുടർന്ന് മമതാ ബാനർജിയുടെ തലയ്ക്ക് പരിക്കേറ്റു. ബർദ്ധമാനിൽ നിന്നും കൊൽക്കത്തയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടമുണ്ടായത്.
മുഖ്യമന്ത്രിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ പെട്ടെന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് അപകടമുണ്ടാവാൻ കാരണമായത്. കൊൽക്കത്തയിൽ കനത്ത മഴയും മൂടൽമഞ്ഞും ഉണ്ടായിരുന്നതിനാൽ എതിരെ വന്നിരുന്ന വാഹനം മമത ബാനർജിയുടെ ഡ്രൈവർക്ക് പെട്ടെന്ന് കാണാൻ സാധിച്ചിരുന്നില്ല. പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെത്തുടർന്ന് മമതയുടെ തല ചില്ലിൽ ഇടിക്കുകയായിരുന്നു.
ബർദ്ധമാനിൽ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞശേഷം കൊൽക്കത്തയിലേക്ക് തിരികെ വരികയായിരുന്നു മുഖ്യമന്ത്രി മമത ബാനർജി. ഹെലികോപ്റ്ററിൽ മടങ്ങാൻ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മമത ബാനർജിയെ മറ്റൊരു വാഹനത്തിൽ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.
Discussion about this post