ഗാന്ധിനഗർ : ഭാരതീയരായ ഹിന്ദു ജനത നൂറ്റാണ്ടുകളായി കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കിയവരിൽ ഇന്ത്യയിലെ മറ്റു വിവിധ മതവിഭാഗങ്ങളും ഉൾപ്പെടുന്നുണ്ട്. ഹിന്ദു സഹോദരങ്ങളുടെ ആഘോഷങ്ങളോട് ഒപ്പം ചേർന്ന് പാഴ്സി മത വിഭാഗം പ്രത്യേക പ്രാർത്ഥനകൾ നടത്തിയത് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. പാഴ്സി മതവിഭാഗത്തിന്റെ വിവിധ അഗ്നി ക്ഷേത്രങ്ങളിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെ അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു.
ഗുജറാത്തിലെ അഗ്നി ക്ഷേത്രമായ ഉദ്വാദയിൽ പ്രധാന പുരോഹിതന്റെ സാന്നിധ്യത്തിൽ പാഴ്സിയും മത വിഭാഗത്തിന്റെ പ്രത്യേക ആചാരമായ ‘ഖുഷാലി നു ജഷൻ’ നടത്തി. സൊരാസ്ട്രിയൻ സമൂഹമായ പാഴ്സി വിഭാഗം ഒരു പുതിയ വീട്ടിലേക്ക് മാറുന്നതുപോലെയോ ജന്മദിനമോ വാർഷികമോ പോലെയുള്ള പുതിയ എന്തിന്റെയെങ്കിലും തുടക്കം കുറിക്കാനോ ആയി നടത്തുന്ന ഒരു ആഘോഷ പ്രാർത്ഥനയാണ് ‘ഖുഷാലി നു ജഷൻ’.
ഗുജറാത്തിലെ നവസാരിയിലെ അതാഷ് ബെഹ്‌റാമിൽ 45 മിനിറ്റ് പ്രത്യേക പ്രാർത്ഥനയോടെയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് പാഴ്സി വിഭാഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
പാഴ്സികളുടെ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അഗ്നി ക്ഷേത്രമാണ് അതാഷ് ബെഹ്റാം.16 വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നുള്ള പവിത്രമായ അഗ്നി പരിപാലിക്കപ്പെടുന്ന ക്ഷേത്രമാണിത്.
ഡൽഹിയിലെ ദാർ-ഇ-മെഹർ അഗ്നി ക്ഷേത്രത്തിലും താനെയിലെയും മുംബൈയിലെ ജോഗേശ്വരിയിലെയും അഗ്നി ക്ഷേത്രങ്ങളിലും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഹിന്ദുമതസ്ഥർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാഴ്സി വിഭാഗത്തിന്റെ പ്രത്യേക പ്രാർത്ഥനകൾ നടന്നു.
Discussion about this post