ഹൈദരാബാദ്: കാവിക്കൊടിയെ അവഹേളിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ. തെലങ്കാനയിലെ ശങ്കരറെഡ്ഡിയിൽ ആയിരുന്നു സംഭവം. ഇയാൾക്കെതിരെ നാട്ടുകാർ പോലീസിൽ പരാതിയും നൽകി.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ഓം എന്ന് എഴുതിയിരുന്ന കാവിക്കൊടിയെ അധിക്ഷേപിച്ച് വർഗ്ഗീയ സംഘർഷത്തിന് യുവാവ് ശ്രമിച്ചത്. കാവിക്കൊടിയെ നിലത്തിട്ട് ചവിട്ടുന്നതുൾപ്പെടെയുള്ള റീൽ ചിത്രീകരിച്ച് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
സംഭവം ചോദ്യം ചെയ്തപ്പോൾ ഇയാൾ നാട്ടുകാരോട് കയർക്കുകയും അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർ മർദ്ദിച്ച് യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ നാട്ടുകാർ പരാതിയും നൽകിയിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 (എ), 295- എ, 505 (2) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാവിക്കൊടിയെ അവഹേളിച്ചതിൽ യുവാവിനെതിരെ കർശന നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം ഇതുമായി ബന്ധപ്പെട്ട വീഡിയോ തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദുക്കൾ ചേർന്ന് മുസ്ലീം യുവാവിനെ മർദ്ദിച്ച് ജയ് ശ്രീരാം വിളിപ്പിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
Discussion about this post