ഗുവാഹട്ടി: ഐഎഎസ് , ഐപിഎസ് ഉദ്യോഗസ്ഥകളായ മുസ്ലീം സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന് എഐയുഡിഎഫ് നേതാവ് ബദ്രുദ്ദീൻ അജ്മൽ. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നത് ശരിയല്ല. സ്ത്രീകളുടെ മുടി സാത്താന്റെ നൂലാെണന്നും ബദ്രുദ്ദീൻ അജ്മൽ പറഞ്ഞു. കരീംഗഞ്ചിൽ സംഘടിപ്പിച്ച റാലിയിൽ ആയിരുന്നു ബദ്രുദ്ദീൻ അജ്മലിന്റെ പരാമർശം.
മുസ്ലീം സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം. ഹിജാബ് ധരിക്കാത്ത, അല്ലെങ്കിൽ ഹിജാബ് ശരിയായി ധരിക്കാത്ത ഒരു മുസ്ലീം സ്ത്രീയ്ക്ക് മറ്റൊരു മുസ്ലീം സ്ത്രീയെ തിരിച്ചറിയാൻ എങ്ങനെ കഴിയും. അതിനാൽ മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കണം. ഉറപ്പായും മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കണം. നിങ്ങളുടെ മുടി ചെകുത്താന്റെ നൂലാണ്. മേയ്ക്ക് ചെകുത്താന്റെ പ്രവർത്തനം ആണെന്നും ബദ്രുദ്ദീൻ അജ്മൽ വ്യക്തമാക്കി.
നിരവധി പ്രദേശങ്ങളിൽ ഹിജാബ് ധരിച്ച് ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടുണ്ട്. അസമിലെ പെൺകുട്ടികളും ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തണം. നമുക്ക് നമ്മുടെ വിശ്വാസം ആണ് വലുത്. നമ്മുടെ വിശ്വാസം നമ്മളെ പഠിപ്പിക്കുന്നത് തല മറയ്ക്കാനാണ്. അത് പാലിക്കണമെന്നും ബദ്രുദ്ദീൻ അജ്മൽ കൂട്ടിച്ചേർത്തു.
അതേസമയം ബദ്രുദ്ദീൻ അജ്മലിന്റെ പരാമർശം വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. അജ്മലിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തി. ബദ്രുദ്ദീന്റെ പരാമർശം സമൂഹത്തിൽ ഭിന്നത വളർത്തുന്നത് ആണെന്നാണ് ഉയരുന്ന വിമർശനം.
Discussion about this post