തൃശ്ശൂർ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ഭഗവാൻ ശ്രീരാമനെ അവഹേളിച്ച് തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അവഹേളനം. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് എംഎൽഎ മാപ്പ് പറഞ്ഞു.
കഴിഞ്ഞ ദിവസം ആയിരുന്നു എംഎൽഎയുടെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. മാനായി വന്ന മാരീചന് പിന്നാലെ ശ്രീരാമൻ കാട്ടിലേക്ക് പോകുന്ന രംഗത്തെയാണ് ബാലകൃഷ്ണൻ മോശമായി ഫേസ്ബുക്കിൽ പരാമർശിച്ചത്. രാമൻ ഒരു സാധുവായിരുന്നു. കാലിൽ ആണിയുള്ളതുകൊണ്ട് എടുത്തി ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി ഇത് വിളമ്പി. അപ്പോൾ ഒരു മാൻ അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറിവച്ച് തരണം. രാമൻ അതിന്റെ പിറകെ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയൻ ആയിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കിയിരിക്കുകയാണ് എന്നിങ്ങനെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ ഉൾപ്പെടെ രംഗത്ത് എത്തി. വിമർശനം ശക്തമായതോടെ പിന്നീട് എംഎൽഎ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസം എഫ്ബിയിൽ പഴയ കഥ പങ്കുവച്ചിരുന്നു. അത് ആരെയും മുറിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളത് അല്ലെന്ന് ആയിരുന്നു ബാലചന്ദ്രന്റെ ന്യായീകരണം. മിനിറ്റുകൾക്കുള്ളിൽ അത് പിൻവലിച്ചു. ഇതിന്റെ പേരിൽ ആരും വിഷമിക്കരുത്. നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്നും എംഎൽഎ കൂട്ടിച്ചേർത്തു.












