ഹൈദരാബാദ്; മൂന് പേർ അർദ്ധ സെഞ്ച്വറി കണ്ടെത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ.ഏഴ് വിക്കറ്റ് നഷ്ടത്തിൽ 421 റൺസ് എടുത്ത ഇന്ത്യക്ക് വേണ്ടി 81 റൺസ് എടുത്ത രവീന്ദ്ര ജഡേജയും 35 റൺസ് എടുത്ത അക്‌സർ പട്ടേലുമാണ് ക്രീസിൽ. ഇതോടു കൂടി ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ലീഡ് 175 റൺസ് ആയിട്ടുണ്ട്. മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും ആണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. നേരത്തെ ഒന്നാം ദിവസം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ മുഴുവൻ വിക്കറ്റുകളും 246 റൺസിന് വീണിരുന്നു
112 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കെതിരെ അപകടകാരിയായ യശസ്വി ജയ്‌സ്വാളിനെയും റൺസ് എടുക്കാൻ വിഷമിച്ച ശുഭ് മാൻ ഗില്ലിനെയും ചെറിയ ഇടവേളകളിൽ പുറത്താക്കി മികച്ച രീതിയിൽ ഇംഗ്ലണ്ട് മത്സരം തുടങ്ങിയെങ്കിലും, ലഭിച്ച തുടക്കം മുതലെടുക്കുവാൻ അവർക്കായില്ല. അഞ്ചാം വിക്കറ്റിൽ കൂടി ചേർന്ന ശ്രേയസ് അയ്യർ കെ എൽ രാഹുൽ ജോഡിക്ക് കൂടുതൽ നാശനഷ്ടങ്ങൾ ഇല്ലാതെ ഇംഗ്ലണ്ടിന്റെ സ്കോറിനടുത്ത് ഇന്ത്യൻ സ്കോർ എത്തിക്കുവാൻ കഴിഞ്ഞു. സമ്മർദ്ദങ്ങളൊന്നും ഇല്ലാതെ കളിച്ച അയ്യർ – രാഹുൽ സഖ്യം ഒരോവറിൽ നാല് റൺ എന്ന നിരക്കിൽ സ്കോർ ചെയ്യുന്നുണ്ടായിരുന്നു.
ലഞ്ചിന് ശേഷം അധികം വൈകാതെ തന്നെ ശ്രേയസ് അയ്യർ മടങ്ങിയെങ്കിലും കെ എൽ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും, തുടർന്ന് ജഡേജയുടെയും കെ എസ ഭാരത്തിന്റെയും കൂട്ടുകെട്ടുകൾ ഇന്ത്യയെ മികച്ച നിലയിലെത്തിച്ചു. ഭാരത് പുറത്തായതിന് ശേഷം വന്ന അശ്വിൻ പരസ്പര റൺ ഔട്ട് ആയെങ്കിലും അക്‌സർ പട്ടേൽ ജഡേജക്ക് മികച്ച പിന്തുണയായി.
Discussion about this post