ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള ഫ്രാൻസിന്റെ ക്ഷണം; ഫ്രാൻസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് അറിയേണ്ടതെന്തൊക്കെ ?
ന്യൂഡൽഹി: ഇത്തവണ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി വലിയൊരു ഓഫർ തന്നെ നൽകിയിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030 ഓട് കൂടെ ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 30000 ആക്കണം എന്നാണ് തന്റെ ലക്‌ഷ്യം എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത്. നിലവിൽ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വിദ്യാഭ്യാസത്തിനുള്ള ഒരു കേന്ദ്രം എന്ന നിലയിൽ ഫ്രാൻസിനെ കുറിച്ച് ചില അടിസ്ഥാനപരമായ കാര്യങ്ങൾ നമ്മൾ അറിഞ്ഞു വെക്കേണ്ടതാണ്. അത് എന്തൊക്കെയാണെന്ന് നോക്കാം
കല, തത്ത്വചിന്ത, സംസ്കാരം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ് ഫ്രാൻസ്. ഫ്രാൻസിലെ സർവ്വകലാശാലകൾ അന്തർദ്ദേശീയ തലത്തിൽ മികച്ച നിലവാരം പുലർത്തുന്നവയാണ്. ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളുടെ റാങ്കിങ് എടുക്കുകയാണെങ്കിൽ ആഗോള തലത്തിൽ ഫ്രാൻസ് 8 ആം സ്ഥാനത്തും യൂറോപ്പിൽ 5-ആം സ്ഥാനത്തുമാണ്. നിലവിൽ, ഫ്രാൻസിൽ മൊത്തം 2,50,000 അന്തർദേശീയ വിദ്യാർത്ഥികളുണ്ട്, അതിൽ 10,000 ഇന്ത്യൻ വിദ്യാർത്ഥികളും ഉൾപ്പെടുന്നു.ഇത് 30000 ആക്കണം എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ആഗ്രഹിക്കുന്നത്
ഫ്രഞ്ച് അറിഞ്ഞാലും ഇല്ലെങ്കിലും ധാരാളം ഉന്നതവിദ്യാഭ്യാസ അവസരങ്ങൾ ഫ്രാൻസിൽ നിങ്ങൾക്ക് 3,500-ലധികം പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ : 72 സർവകലാശാലകൾ, 25 മൾട്ടി-ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസുകൾ, 271 ഗവേഷണ സ്കൂളുകൾ, 227 എഞ്ചിനീയറിംഗ് സ്കൂളുകൾ, 220 ബിസിനസ്, മാനേജ്മെൻ്റ് സ്കൂളുകൾ, തുടങ്ങി അനവധി അവസരങ്ങൾ ആണ് ഫ്രാൻസ് പ്രധാനം ചെയ്യുന്നത്.
വിദ്യാർത്ഥി വിസ:
ഫ്രാൻസിൽ പഠിക്കുന്നതിൻ്റെ നിരവധി ഗുണങ്ങളിൽ ഒന്നാണ് സ്ട്രീംലൈൻ ചെയ്ത വിസ പ്രക്രിയ. ബിരുദാനന്തര ബിരുദധാരികൾക്കുള്ള 5 വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസ ഉൾപ്പെടെ വിസ പ്രക്രിയ താരതമ്യേന ലളിതമാണ്, ഹ്രസ്വകാല വിസയ്ക്ക് ഏകദേശം 6 ദിവസമെടുക്കും, മിതമായ നിരക്കുകളോടെ ദീർഘകാല വിസയ്ക്ക് 1 മാസം വരെ എടുക്കും.
നിങ്ങൾ എടുക്കുന്ന കോഴ്സ് ഇംഗ്ലീഷിലാണെങ്കിൽ നിങ്ങൾക്ക് ഫ്രഞ്ച് ഭാഷയിലുള്ള പ്രാവീണ്യം ആവശ്യമില്ല. എന്നാൽ ഇംഗ്ലീഷ് പ്രാവീണ്യം ആവശ്യമാണ്. മാത്രമല്ല വിദേശ വിദ്യാർത്ഥികൾക്കായി നിരവധി സ്കോളർഷിപ്പുകളും ലഭ്യമാണ്
കല, ഹ്യുമാനിറ്റീസ് , എഞ്ചിനീയറിംഗ്, ജീവശാസ്ത്രം, സമൂഹ ശാസ്ത്രം, വൈദ്യ ശാസ്ത്രം തുടങ്ങി ലോക റാങ്കിങ്ങിൽ നൂറിൽ താഴെ നിക്കുന്ന അനവധി സ്ഥാപനങ്ങൾ ഫ്രാൻസിലുണ്ട്. അതിനാൽ തന്നെ താല്പര്യം ഉള്ള ഒരു വിഷയം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് നിങ്ങൾ എങ്കിൽ ഫ്രാൻസ് എന്ത് കൊണ്ടും സുരക്ഷിതവും വിദ്യാഭ്യാസത്തിന് മൂല്യമുള്ളതുമായ ഒരു സ്ഥലം തന്നെയാണ്
Discussion about this post