ന്യൂഡൽഹി/ കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വഴിയിൽ തടഞ്ഞ് അദ്ദേഹത്തെ എസ്എഫ്‌ഐക്കാർ അപായപ്പെടുത്താൻ ശ്രമിച്ച സാഹചര്യത്തിലാണ് നടപടി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷ ഒരുക്കിയ വിവരം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. നിലവിൽ ഗവർണർക്ക് സുരക്ഷയൊരുക്കുന്നത് പോലീസാണ്. എന്നാൽ ഇന്ന് കൊല്ലം നിലമേലിൽ ഉണ്ടായ സംഭവം സുരക്ഷയൊരുക്കുന്നതിൽ ഉണ്ടായ പോലീസിന്റെ വീഴ്ചയാണ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകിയത്. ഇനി മുതൽ അദ്ദേഹത്തിന് പോലീസിന് പകരം സിആർപിഎഫ് ആകും സുരക്ഷയൊരുക്കുക.
എസ്എഫ്‌ഐക്കാരുടെ അതിക്രമത്തിന് പിന്നാലെ സംഭവത്തെക്കുറിച്ച് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഗവർണറുടെ പരാതി ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കേന്ദ്ര സുരക്ഷ ഏർപ്പെടുത്തിയത്. വെെകീട്ടോടെ തന്നെ സിആർപിഎഫ് സംഘം രാജ്ഭവനിലെത്തും.
എൻഎസ്ജി കമാൻഡോകൾ ഉൾപ്പെടെയുള്ള സംഘം ഉൾപ്പെട്ടതാണ് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ. നിലവിൽ രാജ്യത്ത് 45 പേർക്കാണ് ഈ സുരക്ഷയുള്ളത്. എസ്പിജി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇത്. സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷാ ഉദ്യോഗസ്ഥരാകും അദ്ദേഹത്തിന് സുരക്ഷയൊരുക്കുക.
കൊട്ടാരക്കരയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു ഗവർണർക്ക് നേരെ അതിക്രമം ഉണ്ടായത്. നിലമേലിൽവച്ച് കരിങ്കൊടിയും ബാനറുകളുമെല്ലാമായി 50 ഓളം പേർ അടങ്ങിയ സംഘം അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഇതോടെ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. വഴിയരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച അദ്ദേഹം പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എസ്എഫ്‌ഐക്കാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിയുൾപ്പെടെ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അനുനയത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്തതിന്റെ എഫ്‌ഐആറിന്റെ പകർപ്പ് ലഭിച്ചാലേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതേ തുടർന്ന് 17 പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.
Discussion about this post