തിരുവനന്തപുരം : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 23 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് ആരംഭിക്കും എന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ച ആയിരിക്കും പുറപ്പെടുവിക്കുക. എങ്കിലും ദിവസം നിശ്ചയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷണർ വെളിപ്പെടുത്തിയതിനാൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട് . ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലേക്കുള്ള നാമനിർദേശ പത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാൻ കഴിയുന്നതാണ്. ഫെബ്രുവരി എട്ടുവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും കോർപ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും അതത് വാർഡുകളിലും ആണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുള്ളത്. സമർപ്പിക്കപ്പെടുന്ന നാമനിർദ്ദേശപത്രികകളിന്മേലുള്ള സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നതാണ്. 23 വാർഡുകളിലായി 32,512 വോട്ടർമാരാണ് ഈ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിക്കുക.
Discussion about this post