തിരുവനന്തപുരം : ഗവർണർ ആരും മുഹമ്മദ് ഖാനെ കേന്ദ്രസേനയുടെ സുരക്ഷ നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇനി കേരളവും സിആർപിഎഫ് ഭരിക്കുമോ എന്ന് മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു. ആർഎസ്എസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടാണോ ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
നയ പ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലാത്ത ഗവർണർക്ക് ഒന്നരമണിക്കൂറിലേറെ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി ഗവർണർക്കെതിരെ വിമർശനമുന്നയിച്ചു. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് നേരെ വ്യത്യസ്തമായ പ്രതിഷേധങ്ങൾ ഉണ്ടാകും. അത് അവർ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നുള്ളതിലാണ് കാര്യം. ഗവർണർക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യം പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
“ഗവർണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നൽകിയിരിക്കുന്നത് വിചിത്രമായ തീരുമാനമാണ്. ഗവർണർക്ക് എന്താണ് സംഭവിച്ചത് എന്ന് പറയാൻ ആകുന്നില്ല. അദ്ദേഹം പ്രത്യേകം നിലപാടാണ് സ്വീകരിക്കുന്നത്. പ്രത്യേക രീതിയിൽ കാര്യങ്ങൾ നടത്തുന്നു. പ്രതിഷേധ സ്ഥലത്ത് ഇറങ്ങുന്നു. എഫ്ഐആർ കാണണമെന്ന് പോലീസിനോട് ആവശ്യപ്പെടുന്നു. മുൻപ് ഏതെങ്കിലും ഗവർണർ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടോ? കേരളത്തോടുള്ള വെല്ലുവിളിയാണ് ഗവർണർ കാണിക്കുന്നത് ” എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
Discussion about this post