ഡല്‍ഹി: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ക്രമക്കേടില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ അഴിമതി ആരോപണമുന്നയിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനോട് ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂവെന്ന് ബിജെപി. ജയ്റ്റ്ലി സമര്‍പിച്ച മാനനഷ്ട കേസില്‍ കെജ്രിവാള് ജയിലില്‍ പോകേണ്ടിവരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞു.
ഒന്നിന് മീതെ മറ്റൊന്നായി നിയമവിരുദ്ധമായ നടപടികളാണ് കെജ്ര്രിവാള്‍ ചെയ്യുന്നത്. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഭരണം പൂര്‍ണ പരാജയമാണ്. ഇത് മറച്ചുപിടിക്കാനാണ് ബിജെപി നേതാക്കള്‍ക്കെതിരെ അദ്ദേഹം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കെജ്ര്രിവാളും കൂട്ടരും ജയിലില്‍ പോകാന്‍ തയ്യാറായിക്കൊള്ളെട്ടെ- ശ്രീകാന്ത് ശര്‍മ പറഞ്ഞു.
ഡിഡിസിഎ അഴിമതിയില്‍ അന്വേഷണ കമ്മിഷനെ പ്രഖ്യാപിച്ച കെജ്രിവാള് സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോടതിയില്‍ കാണാമെന്നായിരുന്നു ഇതിനോട് കെജ്രിവാള് പ്രതികരിച്ചത്.
ഡിഡിസിഎയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മിഷന് അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെവാദം. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കേന്ദ്രത്തിന് കോടതിയെ സമീപിക്കാമെന്നും അന്വേഷണം തുടരുമെന്നും കെജ്രിവാള് അറിയിച്ചു.
Discussion about this post