മെക്‌സിക്കോ സിറ്റി: കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയ തലവന്‍ ജൊവാക്വിം ഗുസ്മാന്‍ വീണ്ടും പിടിയിലായി. ജയില്‍ ചാടി ആറു മാസത്തിന് ശേഷമാണ് തീരദേശ നഗരവും ഗുസ്മാ മാതൃ സംസ്ഥാനവുമായ സിനലോയയിലെ ലോസ് മോചിസില്‍ നിന്ന് മെക്‌സിക്കന്‍ നാവികസേനയുടെ പ്രത്യേക സംഘം ഗുസ്മാനെ പിടികൂടുന്നത്.
ഗുസ്മാനെ പിടികൂടിയ വിവരം മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികോ പെനാനീറ്റോയാണ് പുറത്തുവിട്ടത്. ദൗത്യം പൂര്‍ത്തിയായെന്നും ഗുസ്മാനെ പിടികൂടുന്നതില്‍ വിജയിച്ചെന്നും എന്റികോ പെനാനീറ്റോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെക്‌സിക്കോയിലെ അതീവ സുരക്ഷാ സംവിധാനമുള്ള അല്‍ടിപ്ലാനോയിലെ ജയിലില്‍ നിന്ന് അനുയായികള്‍ തീര്‍ത്ത ഒന്നര കിലോമീറ്റര്‍ എ.സി തുരങ്കത്തിലൂടെയാണ് 2015 ജൂലൈയില്‍ ഗുസ്മാന്‍ കടന്നുകളഞ്ഞത്. ഒളിസങ്കേതത്തില്‍ തിരച്ചില്‍ നടത്തിയ സേന ഗുസ്മാന്റെ അഞ്ച് അനുയായികളെ വെടിവെച്ച് കൊല്ലുകയും ആറു പേരെ പിടികൂടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. രണ്ട് വാഹനങ്ങളും എട്ട് റൈഫിളുകളും ഹാന്‍ഡ് ഗണ്‍, ഗ്രനേഡ് ലോഞ്ചര്‍ എന്നിവയും ഒളിസങ്കേതത്തില്‍ നിന്ന് പിടിച്ചെടുത്തു.
ഗുസ്മാന്റെ രണ്ടാം ജയില്‍ ചാട്ടമായിരുന്നു കഴിഞ്ഞ ജൂലൈയിലേത്. ജയിലിനുള്ളിലെ കുളിമുറിയുടെ തറക്കടിയില്‍ നിര്‍മിച്ച തുരങ്കത്തിലൂടെ അഴുക്കുചാലില്‍ എത്തിയാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. 2001ല്‍ രക്ഷപെട്ട ഗുസ്മാനെ 13 വര്‍ഷത്തിന് ശേഷം പിടികൂടി ജയിലില്‍ അടച്ച് ഒരു വര്‍ഷം തികയും മുമ്പായിരുന്നു രണ്ടാമത്തെ രക്ഷപെടല്‍.
ഗ്വാട്ടിമാലയില്‍ നിന്ന് 1993 പിടിയിലായ ഗുസ്മാന്‍ മയക്കു മരുന്നു കടത്തിനും കൊലപാതകക്കുറ്റത്തിനും 20 വര്‍ഷത്തെ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ലഹരിമരുന്ന് രാജാവ് എന്നാണ് എല്‍ചാപോ എന്ന വിളിപ്പേരുള്ള ജൊവാക്വിം ഗുസ്മാന്‍ ലോയേറ അറിയപ്പെടുന്നത്.
Discussion about this post