എറണാകുളം : ഡോ. വന്ദന ദാസ് കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. ഡോക്ടർ വന്ദനയുടെ പിതാവ് കെ ജി മോഹൻദാസ് ആണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. എന്നാൽ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല എന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.
ശരിയായ രീതിയിലുള്ള അന്വേഷണം നടത്താൻ കേരള പോലീസിന് താല്പര്യമില്ലെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും പോലീസ് കൈകഴുകുകയാണെന്നും കാണിച്ചാണ് വന്ദനയുടെ പിതാവ് കെ ജി മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോലീസ് അന്വേഷണം ഉദാസീനമായാണ് മുന്നോട്ടുപോകുന്നതും കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഇദ്ദേഹം നൽകിയ ഹർജിയിൽ പറയുന്നു. തിങ്കളാഴ്ച പരിഗണിക്കേണ്ടിയിരുന്ന ഈ ഹർജി ഹൈക്കോടതി നാളത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു എന്നാണ് സംസ്ഥാന സർക്കാർ ഹർജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേസ് സിബിഐക്ക് വിടുമോ എന്ന കാര്യത്തിൽ നാളെ വ്യക്തത വരും. കഴിഞ്ഞവർഷം മെയ് 10നായിരുന്നു വൈദ്യ പരിശോധനയ്ക്കിടെ പ്രതി സന്ദീപിന്റെ ആക്രമണത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
Discussion about this post