തിരുവനന്തപുരം : സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വാർത്തകൾ പലതും വിശ്വാസയോഗ്യതയുള്ളതല്ല എന്ന് നടനും എംഎൽഎയും ആയ മുകേഷ്. 100 കോടി,150 കോടി എന്നിങ്ങനെ കളക്ഷൻ റിപ്പോർട്ടുകൾ പറയുന്നത് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി മാത്രമാണെന്നും മുകേഷ് വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ അയ്യർ ഇൻ അറേബ്യയുടെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു മുകേഷിന്റെ ഈ വെളിപ്പെടുത്തൽ.
“സിനിമ 100 കോടി ക്ലബ്ബിൽ കയറി എന്നറിയുമ്പോൾ എങ്കിൽ ആ സിനിമ കണ്ടു കളയാം എന്ന് ചിന്തിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. അത്തരത്തിലുള്ളവരെ ആകർഷിക്കാൻ വേണ്ടിയാണ് പലപ്പോഴും 100 കോടി, 150 കോടി തുടങ്ങിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തിറക്കുന്നത്. ഇത് കേട്ട് ഇൻകം ടാക്സ് പരിശോധനയ്ക്ക് വന്നാൽ അതൊക്കെ ശത്രുക്കൾ ഇടുന്നതാണ് സാറേ എന്ന് പറയും” എന്നും മുകേഷ് വ്യക്തമാക്കി.
“ഇനിയുള്ള കാലത്ത് ഒരു സിനിമയും 100 ദിവസം ഒന്നും ഓടില്ല എന്നും മുകേഷ് അഭിപ്രായപ്പെട്ടു. തിയേറ്ററുകൾ ധാരാളമായി വന്നു. ഒ ടി ടി പ്ലാറ്റ്ഫോമുകളും ഉണ്ട്. ഒരു സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ ഇറങ്ങിയാൽ പിന്നെ അത് ആരും തിയേറ്ററിൽ പോയി കാണില്ല. അതുകൊണ്ടുതന്നെ മികച്ച സിനിമ ആണെങ്കിൽ പോലും 50 ദിവസം ഒക്കെ ഇനിയുള്ള കാലം സിനിമ ഓടൂ ” എന്നും മുകേഷ് അഭിപ്രായപ്പെട്ടു.
Discussion about this post