ന്യൂയോർക്ക് : ജോർജിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ജോർജിയയിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിവേക് സൈനി എന്ന 25 കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ ആണ് ഈ സ്റ്റോറിൽ വെച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. അമ്പതോളം തവണയാണ് വിവേക് സൈനിയെ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ചത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മയക്കുമരുന്നിന് അടിമയായി തെരുവിൽ അലഞ്ഞു നടക്കുന്ന ജൂലിയൻ ഫോക്‌നർ എന്നയാളാണ് വിവേക് സൈനിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ അലഞ്ഞു നടന്നിരുന്ന ഇയാൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവേക് ജോലി ചെയ്തിരുന്ന കൺവീനിയൻസ് സ്റ്റോറിൽ എത്തിയിരുന്നതായി ഇവിടുത്തെ ജീവനക്കാർ വ്യക്തമാക്കി. വിവേക് അടക്കമുള്ള ജീവനക്കാർ ഇയാൾക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞദിവസം ഇയാൾ സ്റ്റോറിൽ തന്നെ ചിലവഴിച്ച സമയത്ത് വിവേക് സൈനി ഇയാളോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. 25 വയസ്സുകാരനായ വിവേക് സൈനി ഹരിയാന സ്വദേശിയാണ്. ഇന്ത്യയിൽ നിന്നും ബിടെക് പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് പഠനം നടത്തുകയായിരുന്നു വിവേക്.
Discussion about this post