റാഞ്ചി : രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന ജാർഖണ്ഡിൽ അട്ടിമറി നീക്കത്തിന് സാധ്യതയെന്ന് ഭരണകക്ഷി. അട്ടിമറി സംശയത്തെ തുടർന്ന് ജെഎംഎം, കോൺഗ്രസ്, ആർജെഡി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനായി പാർട്ടി നേതൃത്വം നീക്കം നടത്തിയെങ്കിലും സാധിച്ചില്ല. എംഎൽഎമാർ റാഞ്ചി വിമാനത്താവളത്തിൽ എത്തി ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ കയറിയെങ്കിലും അവസാനം നിമിഷം റാഞ്ചിയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.
രാഷ്ട്രീയ പ്രതിസന്ധി ഉള്ളതിനാൽ തങ്ങളുടെ എംഎൽഎമാരെ ബിജെപി റാഞ്ചുന്നത് ഒഴിവാക്കാനാണ് അവരെ ഹൈദരാബാദിലേക്ക് മാറ്റാൻ നീക്കം നടത്തിയത് എന്നാണ് ജെ എം എം വ്യക്തമാക്കുന്നത്. ഹേമന്ത് സോറന് പകരമായി ജെ എം എം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചിട്ടുള്ള ചമ്പായി സോറനും എംഎൽഎമാർക്കൊപ്പം വിമാനത്താവളത്തിൽ എത്തിയിരുന്നു. ചമ്പായി സോറനെ ജെ എം എം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും സർക്കാർ രൂപീകരിക്കാൻ ഗവർണർ സി പി രാധാകൃഷ്ണൻ അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതോടെയാണ് അട്ടിമറി നീക്കം സംശയിച്ച് എംഎൽഎമാരെ ഒളിപ്പിക്കാൻ ജെ എം എം സഖ്യം തീരുമാനിക്കുന്നത്.
ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ ഗവർണർ അനുമതി നൽകിയില്ലെന്നാണ് ചമ്പായി സോറൻ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗിക നടപടികൾക്കുള്ള കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് ഈ വിഷയത്തിൽ ഗവർണർ സി പി രാധാകൃഷ്ണൻ അറിയിക്കുന്നത്. നിലവിൽ വിമാനങ്ങൾ റദ്ദ് ചെയ്തതോടെ ജെ എം എം സഖ്യത്തിന്റെ എംഎൽഎമാർ ജാർഖണ്ഡിൽ തന്നെ തുടരുകയാണ്. മോശം കാലാവസ്ഥ മൂലമാണ് വിമാനങ്ങൾ റദ്ദ് ചെയ്തത് എന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.
Discussion about this post