തിരുവനന്തപുരം: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസൻ കൊലക്കേസിലെ വിധിയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മുന്നറിയിപ്പ്.
കേസിലെ പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി വിദ്വേഷ പ്രചാരണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇതിന് പുറമേ വിദ്വേഷണ പ്രചാരണം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
നാല് പേരെയാണ് വിദ്വേഷണ പ്രചാരണം നടത്തിയതിന് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടപടി. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും ഭീഷണിയുമാണ് ജഡ്ജി നേരിടുന്നത്. ഈ സാഹചര്യത്തിൽ ജഡ്ജിയ്ക്ക് പോലീസ് സുരക്ഷ ശക്തമാക്കി.
Discussion about this post