ന്യൂഡൽഹി: 31 എം ക്യു 9 ബി ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ കോൺഗ്രസ് അംഗീകാരം നൽകിയത്. പ്രിഡേറ്റർ ഡ്രോണുകൾ എന്നറിയപ്പെടുന്ന ഇവ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആളില്ലാ യുദ്ധവിമാനങ്ങൾ ആയാണ് അറിയപ്പെടുന്നത്. 31 ഡ്രോണുകളിൽ 15 എണ്ണം നാവിക സേനക്കും എട്ടെണ്ണം വീതം വ്യോമസേനക്കും കരസേനക്കും ആണ് ലഭിക്കാൻ പോകുന്നത്
ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയും അതിൻ്റെ സാമന്ത രാജ്യമായ പാകിസ്ഥാനും തങ്ങളുടെ ശേഖരത്തിൽ ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങളിൽ സർവ്വനാശം വിതച്ച പാരമ്പര്യമുള്ള ഒരു തെളിയിക്കപ്പെട്ട സംവിധാനമായതിനാൽ പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യക്ക് നൽകുന്ന മുൻതൂക്കം വേറെ തലത്തിലുള്ളതാണ്
ഡ്രോണുകൾ ഇന്ത്യൻ അതിർത്തി മേഖലയിലെ നിരീക്ഷണത്തിനു വേണ്ടിയായിരിക്കും കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും, ഇവയുടെ പേര് കേൾക്കുമ്പോൾ തന്നെ പാകിസ്‌താന് മുട്ടിടിക്കാൻ തുടങ്ങും. അതിന് ഒരു കാരണവും ഉണ്ട്.
2016 മെയ് 21 നാണ് പ്രിഡേറ്റർ ഡ്രോൺ നടത്തിയ ഒരു എയർ ടു ഗ്രൗണ്ട് മിസൈൽ ആക്രമണത്തിലൂടെ ബലൂചിസ്ഥാനിൽ വച്ച് താലിബാൻ്റെ അന്നത്തെ രണ്ടാമത്തെ പരമോന്നത നേതാവ് അക്തർ മൻസൂറിനെ അമേരിക്കൻ സേന വധിക്കുന്നത്. അതായത് ഇന്ത്യയേക്കാൾ കൂടുതൽ പ്രിഡേറ്റർ ഡ്രോണുകളുടെ കഴിവുകളെ കുറിച്ച് വ്യക്തമായ ധാരണയുള്ളത് പാകിസ്ഥാനാണെന്ന് ചുരുക്കം. അത് കൊണ്ട് തന്നെയാണ് പ്രിഡേറ്റർ ഡ്രോണുകൾ എന്ന് കേൾക്കുമ്പോൾ അവർക്ക് മുട്ടടിക്കുന്നതും. മാത്രമല്ല അന്ന് അമേരിക്ക ഉപയോഗിച്ച 11 കിലോമീറ്റർ ദൂരപരിധിയുള്ള 170 ഹെൽ-ഫയർ മിസൈലുകളും 150 കിലോമീറ്റർ ദൂരപരിധിയുള്ള 310 ലേസർ ഗൈഡഡ് ബോംബുകളും ഇന്ത്യ വാങ്ങുന്നുണ്ട്. ഇതും കൂടിയാകുമ്പോൾ ഉറക്കമില്ലാത്ത രാത്രികൾ തന്നെയാണ് പാകിസ്താനും ചൈനക്കും ഇനി വരാൻ പോകുന്നത് എന്നും ഉറപ്പാണ്
നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ കയ്യിൽ ഉള്ള എം ക്യു 9 ബി യുടെ കൂടുതൽ ശക്തമായ പതിപ്പാണ് ഇപ്പോൾ ഇന്ത്യ അമേരിക്കയുടെ കയ്യിൽ നിന്നും മേടിച്ചിരിക്കുന്നത്. അമേരിക്കയുടെ കയ്യിൽ നിന്നും ഇന്ത്യ പാട്ടത്തിനെടുത്ത രണ്ട് ആയുധരഹിതമായ പ്രിഡേറ്റർ ഡ്രോണുകൾ തന്നെ ചൈനക്കെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഇന്ത്യയെ വളരെയധികം സഹായിച്ചിരുന്നു. എന്നാൽ അതീവ വിനാശകാരികളായ റോക്കറ്റുകൾ സ്ഥാപിക്കാൻ ശേഷിയുള്ള 31 പ്രിഡേറ്റർ ഡ്രോണുകൾ കൂടെ ഇന്ത്യൻ സേനയുടെ ആവനാഴിയുടെ ഭാഗമാകുന്നതോടെ മേഖലയിലെ ഇന്ത്യൻ ശക്തി പതിന്മടങ്ങ് വലുതാവുകയാണ്
Discussion about this post