ചെന്നൈ: ഇളയദളപതി വിജയ് അഭിനയം പൂർണമായും ഉപേക്ഷിക്കുന്നതായി സൂചന. തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് ശേഷമാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും പൂർണമായും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വയ്ക്കുമെന്നും താരം പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രീയം തനിക്ക് മറ്റൊരു തൊഴിലല്ലെന്ന് പറഞ്ഞ താരം രാഷ്ട്രീയം ജനസേവനമെന്ന പുണ്യകർമ്മമാണെന്ന് (പുനിതമാന മക്കൾ പണി) എന്ന് വ്യക്തമാക്കി.
അതേ സമയം തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും വിലയേറിയ താരമായ വിജയിയുടെ സിനിമ കരിയർ എന്താകും എന്നത് ഏറെ ചർച്ചയാകുന്നുണ്ട്. നിലവിൽ വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ചെന്നൈയിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം ഒരു ചിത്രവും കൂടി താൻ ചെയ്യുമെന്നാണ് ഇപ്പോൾ വിജയ് പറയുന്നു. തൻറെ പാർട്ടി പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കാതെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പൂർത്തിയാക്കും എന്നാണ് വിജയ് കത്തിൽ പറയുന്നത്. പിന്നീട് പൂർണ്ണമായും ജനസേവനത്തിലായിരിക്കും എന്നും വിജയ് പറയുന്നു.
എണ്ണി തുനിക കർമ്മം’ എന്ന വള്ളുവർ വചനം വിജയ് തന്റെ വാർത്താക്കുറിപ്പിൽ എടുത്തു പറയുന്നുണ്ട്. ‘ഒരു കാര്യത്തിന് ഇറങ്ങുന്നതിനു മുമ്പ് നന്നായി ആലോചിക്കുക, ഇറങ്ങിയതിനു ശേഷം ഇത് വേണ്ടിയിരുന്നോ എന്ന് ചിന്തിക്കാൻ ഇടവരരുത്’ എന്നാണ് ഈ വചനത്തിന്റെ അർത്ഥം. താൻ വർഷങ്ങളായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരുന്നെന്ന് വിജയ് പറയുന്നു. അതിനായി താൻ മനസ്സിനെ പക്വമാക്കി വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
രാഷ്ട്രീയം തന്റെ ആത്മാവിന്റെ ദാഹമാണെന്ന് പറയുന്ന വിജയ് ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങില്ലെന്നും വ്യക്തമാക്കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. പാർട്ടിയുടെ ചിഹ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമേ തീരുമാനിക്കൂ. പാർട്ടിയുടെ പ്രത്യയശാസ്ത്രവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും നിശ്ചയിക്കുക.
Discussion about this post