വയനാട് : മാനന്തവാടി നഗരത്തിൽ പരിഭ്രാന്തി പരത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ സഞ്ചരിച്ചിരുന്ന ഒറ്റയാൻ ആയിരുന്നു മാനന്തവാടി നഗരത്തെ മുൾമുനയിൽ ആക്കിയിരുന്നത്. കഴിഞ്ഞ മാസം കർണാടക വനം വകുപ്പ് മഴക്ക് വെടിവെച്ച് പിടികൂടിയ തണ്ണീർ എന്ന് പേരുള്ള കാട്ടാനയാണ് ഇതെന്നാണ് തിരിച്ചറിഞ്ഞത്.
കർണാടക വനമേഖലയിൽ നിന്നുമാണ് ഈ ആന വയനാട്ടിലേക്ക് എത്തിയത്. കഴിഞ്ഞ ജനുവരി 16നായിരുന്നു കർണാടകയിലെ ഹാസനിലെ സഹാറ എസ്റ്റേറ്റിൽ നിന്നും കർണാടക വനം വകുപ്പ് തണ്ണീർ എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ആനയ്ക്ക് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂരിനടുത്തുള്ള മൂലഹൊള്ളയിൽ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നുമാണ് നിരവധി ഇടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ ആന ഒടുവിൽ മാനന്തവാടിയിൽ എത്തിച്ചേർന്നിട്ടുള്ളത്.
മാനന്തവാടിയിൽ ഒറ്റയാൻ പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് കറങ്ങി തിരിയുന്നത് എങ്കിലും നിലവിൽ ആന ആക്രമാസക്തൻ അല്ലെന്നാണ് റിപ്പോർട്ടുകൾ. ആവശ്യമെങ്കിൽ ആനയെ മയക്കു വെടി വയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആനയെ തിരികെ കാട്ടിലേക്ക് തന്നെ കയറ്റാൻ ശ്രമം തുടരുന്നതായും വനംമന്ത്രി വ്യക്തമാക്കി.
Discussion about this post