തിരുവനന്തപുരം : പൗരത്വഭേദഗതി നിയമം രാജ്യത്തെ ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി ഉടൻ നടപ്പിലാക്കും എന്നുള്ള പ്രഖ്യാപനം കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ ആ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ല എന്നും പിണറായി വിജയൻ വ്യക്തമാക്കി. ദേശാഭിമാനിയുടെ സാഹിത്യ പുരസ്കാര സമർപ്പണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഹിന്ദുത്വ വർഗീയവാദികളാണ് ബാബറി മസ്ജിദ് തകർത്തത്. ഇപ്പോൾ ഇതാ അവിടം കേന്ദ്രമാക്കി തന്നെ പുതിയ വർഗീയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്താൻ കഴിയുമോ എന്നുള്ള ശ്രമമാണ് രാജ്യത്തെ ഭരണനേതൃത്വത്തിന്റെ കാർമികത്വത്തിൽ നടക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.
അധികാരവും പൗരോഹിത്വവും കൂട്ടുചേർന്നാൽ ഉണ്ടാകുന്ന ദുരന്ത ഫലങ്ങൾ എന്തൊക്കെയാണെന്ന് ചരിത്രത്തിൽ ധാരാളം ഉണ്ട്. ആ പ്രാകൃത കാലത്തിലേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നും പിണറായി വിജയൻ വിമർശിച്ചു. ഇത്തരത്തിലുള്ള വിപത്തുകളുടെ കേളികൊട്ടുകൾ ഉയരുന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ടെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Discussion about this post