മലയാള സിനിമാ സംഗീത ലോകത്തെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന കൂട്ടുകെട്ടാണ് ശരത് – ഗിരീഷ് പുത്തഞ്ചേരി കോമ്പോ. 90-കളിലും 2000-ന്റെ തുടക്കത്തിലും ശാസ്ത്രീയ സംഗീതത്തിന്റെ ഗാംഭീര്യവും ലളിത സുന്ദരമായ വരികളും ഒത്തുചേർന്ന നിരവധി നിത്യഹരിത ഗാനങ്ങൾ ഈ ജോഡി നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
ഈ പേരുകൾ കാണുമ്പോൾ തന്നെ നിങ്ങളുടെ മനസിലേക്ക് “സുര്യാനാളം പൊൻവിളക്കായി തകത്തികമോ” എന്ന പാട്ടും മേഘതീർത്ഥം സിനിമയിലെ ” ഭാവയാമിയും”ഒകെ ആയിരിക്കും. ഗിരീഷ് പുത്തഞ്ചേരിയെ ഇല്ലെങ്കിൽ “ഭാവയാമി” എന്ന പാട്ട് ഉണ്ടാകില്ലായിരുന്നു എന്നും ആ പാട്ടിന്റെ പേരിൽ അദ്ദേഹവുമായി ഉണ്ടായ ഉടക്ക് മറക്കില്ല എന്നും പറഞ്ഞ സംഗീത സംവിധയകാൻ ശരത് ഇങ്ങനെ പറഞ്ഞു.
” അണ്ണാച്ചി എന്നാണ് ഞാൻ ഗിരീഷ് പുത്തഞ്ചേരിയെ വിളിക്കുന്നത്. തച്ചോളി വർഗീസിലെ ആ പാട്ടൊക്കെ അത്ര മനോഹരമായിട്ടാണ് അദ്ദേഹമെനിക്ക് ചെയ്തു തന്നത്. എന്നാൽ അദ്ദേഹവുമായി വഴക്ക് ഉണ്ടാക്കുന്ന ഒരു അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. ഭാവയാമി പാട്ട് ചെയ്യുന്ന സമയം. പാട്ടെഴുതി കൊണ്ട് അദ്ദേഹം എന്റെ റൂമിൽ വന്നു. പക്ഷെ അദ്ദേഹം നന്നായി മദ്യപിച്ചിട്ടുണ്ട്. എനിക്ക് ഈ മദ്യപിച്ചിരിക്കുന്ന ഒരു ആളുടെ കൂടെ ഇരുന്നുള്ള കമ്പോസിംഗ് ബുദ്ധിമുട്ടാണ്. പക്ഷെ ഞാൻ അദ്ദേഹത്തോട് അത് നേരിട്ട് പറയാൻ മടിച്ചു. ‘ഗിരീഷേട്ടൻ റെസ്റ്റ് എടുക്കൂ, ഇത് എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് ഞാൻ പറയാം’ എന്നായി ഞാൻ. അത് അദ്ദേഹത്തിന് ഇഷ്ടമായില്ല. 300 സിനിമക്ക് മുകളിൽ പാട്ടെഴുതിയ എനിക്ക് മാർക്കിടാൻ നീ വളർന്നു എന്ന് ചോദിച്ച് അദ്ദേഹം ദേഷ്യത്തിലിറങ്ങി പോയി. എല്ലാവർക്കും അത് വലിയ വിഷമമായി.”
“പിറ്റേ ദിവസം രാവിലെ എന്റെ മുറിയുടെ പുറത്ത് ഒരു ബെല്ലടി, നോക്കുമ്പോൾ ഗിരീഷേട്ടൻ ആണ്. അന്ന് എഴുതിയതിന്റെ ബാക്കി ഞാൻ നിനക്ക് കൊറിയർ ചെയ്യാം എന്ന് പറഞ്ഞ് അദ്ദേഹം പോയി. കൊറിയർ വന്നപ്പോൾ അതിൽ കുറച്ച് വരികളും ബാക്കിയൊക്കെ “തന്നാനന താന” എന്നൊക്കെ എഴുതിയെക്കുന്നു. ഗിരീഷേട്ടനോട് ചോദിച്ചപ്പോൾ എടാ നീ എനിക്ക് പാടി തന്നില്ലേ അതിൽ ഈ തന്നാന ഉണ്ടായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അവിടെയൊക്കെ എനിക്ക് വരികൾ വേണം എന്ന് പറഞ്ഞപ്പോൾ ഫോണിൽ കൂടിയാണ് അദ്ദേഹം എനിക്ക് ബാക്കി എഴുതി തന്നത്. അദ്ദേഹം പറയുന്നത് പകർത്തി എഴുതുമ്പോൾ ഞാൻ കരയുകയായിരുന്നു. അത്രയും മികച്ച കലാകാരനായിരുന്നു അദ്ദേഹം. മദ്യപാനമാണ് അദ്ദേഹത്തെ തകർത്തത്. ” ശരത് പറഞ്ഞു .
2008-ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് ശരത്തിന് ലഭിച്ചു. 2011-ൽ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന് മികച്ച ശാസ്ത്രീയ സംഗീത ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ആദ്യ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. പ്രശസ്ത സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ മരുമകനാണ് ശരത്.













Discussion about this post