ആറ്റിങ്ങൽ; കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ പോലും പറയുന്നത് പൊതുതിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റ് നേടുമെന്നാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019ൽ കേരളത്തിലുള്ള വലിയ വിഭാഗം പേർ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചു. ഇത്തവണ കടുത്ത കോൺഗ്രസുകാർ പോലും അത് വിശ്വസിക്കുന്നില്ല. കോൺഗ്രസും സിപിഎമ്മും ദില്ലിയിൽ ഒരു മുന്നണിയായാണ് മത്സരിക്കുന്നത്. കേരളത്തിൽ ഉജ്ജ്വലയോജനയിലൂടെ ഗ്യാസ് കണക്ഷനും സൗജന്യ വാക്സിനും നൽകിയ മോദി സർക്കാരിന് കേരളം വോട്ട് ചെയ്യണമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
എൻഡിഎ വൈസ് ചെയർമാനും കാമരാജ കോൺഗ്രസിൻ്റെ അദ്ധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിഡിജെഎസ് സംസ്ഥാന വൈസ്പ്രസിഡൻ്റ് എസ്ആർഎം അജി, ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന അദ്ധ്യക്ഷൻ വിവി രാജേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ സംസാരിച്ചു.












