തിരുവനന്തപുരം : അയോധ്യയിലെ ശ്രീരാമ ക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകമാണെന്ന മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നാഷണൽ ലീഗ്. സാദിഖലി തങ്ങൾ സംസാരിക്കുന്നത് ആർഎസ്എസിന്റെ ഭാഷയിൽ ആണെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിമർശിച്ചു. സംസ്ഥാന പ്രസിഡന്റിനെതിരെ ലീഗ് അണികൾ തന്നെ തെരുവിൽ ഇറങ്ങുന്ന കാരണം വിദൂരമല്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
ബിജെപി രാഷ്ട്രീയ നേട്ടത്തിനായാണ് രാമക്ഷേത്രം പണിതത്. ബിജെപിയുടെ ഈ ദുഷ്ടലാക്കിനെ കുറിച്ച് മനസ്സിലാക്കാൻ സാദിഖലി തങ്ങൾക്ക് സാധിച്ചില്ല. രാജ്യത്തെ പള്ളികളുടെ മേൽ അവകാശവാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രകീർത്തനം എന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
സാദിഖലി തങ്ങളുടെ ഈ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകോപിതരാക്കുന്നതിൽ അത്ഭുതപ്പെടാനില്ല എന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു. ആർഎസ്എസിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സാദിഖലി തങ്ങൾ നടത്തുന്നത്. അദ്ദേഹത്തിന് ഈ ശ്രമത്തോടെ മുസ്ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട്. പ്രബുദ്ധ കേരളം ഈ വിഷയത്തിൽ ഉചിതമായി തന്നെ പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
Discussion about this post